ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ എത്തുമെന്നാണ് റിപ്പോർട്ട്. നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ കരാർ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ, ഗംഭീർ മാത്രമാണ് പുതിയ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്ന ഏക വ്യക്തിയായ ഗംഭീറുമായി ബിസിസിഐ ഉപദേശക സമിതി (സിഎസി) കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയിരുന്നു. അതെസമയം അഭിമുഖത്തിൽ ഗംഭീർ ബിസിസിഐയുടെ നിർദ്ദേശം അംഗീകരിക്കാൻ അഞ്ച് നിബന്ധനകൾ വെച്ചതായി റിപ്പോർട്ടുണ്ട്.ബോർഡിൻ്റെ ഒരു ഇടപെടലും കൂടാതെ ടീമിൻ്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ പൂർണ നിയന്ത്രണം തനിക്കായിരിക്കുമെന്നാണ് ഗംഭീറിന്റെ പ്രധാന ആവശ്യം.
രണ്ട് തവണ ലോകകപ്പ് ജേതാവായ ഗംഭീർ തന്നെ ബാറ്റിംഗ്, ഫീൽഡിംഗ്, ബൗളിംഗ് കോച്ചുകൾ ഉൾപ്പെടെ സ്വന്തം സപ്പോർട്ട് സ്റ്റാഫിനെ തിരഞ്ഞെടുക്കും.മൂന്നാമതായി,ഗംഭീർ മുന്നോട്ടുവച്ച നിബന്ധനയാണ് ഇതിൽ സുപ്രധാനം. വിരാട് കോലി , രോഹിത് ശർമ്മ , രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിങ്ങനെ മുതിർന്ന കളിക്കാർക്കുള്ള അവസാന അവസരമായിരിക്കും 2025-ൽ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരം എന്നതാണ് അത്.
ടൂർണമെൻ്റിൽ ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ ഈ താരങ്ങൾ പരാജയപ്പെട്ടാൽ അവരെ ടീമിൽ നിന്ന് പുറത്താക്കും. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പ്രത്യേക ടീം ഉണ്ടാക്കാനുള്ള അനുമതിയാണ് ഗംഭീറിന്റെ നാലാമത്തെ നിബന്ധന.2027 ഏകദിന ലോകകപ്പിനുള്ള റോഡ്മാപ്പ് തയ്യാറാക്കാനുള്ള അനുമതിയാണ് അവസാനത്തേത്.
2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ വിരാട്, രോഹിത്, ജഡേജ, ഷമി എന്നീ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കുമെന്നത് വ്യക്തമാണെങ്കിലും, റെഡി ബോൾ ഇവർ തുടരുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.കോഹ്‌ലിയുടെയും രോഹിതിൻ്റെയും ഭാവി ഇതിനകം തന്നെ അനിശ്ചിതത്വത്തിലാണ്. ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയാൽ കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീം തിരഞ്ഞെടുപ്പിൽ അവഗണിച്ചാൽ അതിൽ വലിയ അത്ഭുതമില്ല.
അടുത്ത വർഷം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയേക്കുമെന്നതും ശ്രദ്ധേയമാണ്. അടുത്ത തവണയും ഇന്ത്യ ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ രോഹിത്തും വിരാടും ഉൾപ്പെടെ പുറത്താകാൻ സാധ്യതയുണ്ട്.കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിൽ യഥാക്രമം ന്യൂസിലൻഡിനോടും (2021) ഓസ്‌ട്രേലിയയോടും (2023) ഇന്ത്യ തോറ്റിരുന്നു.