ഏകദിന പരമ്പരയിൽ സഞ്ജു സാംസണ് പകരം റിഷഭ് പന്ത്; കാരണം തുറന്നുപറഞ്ഞ് അഗാർക്കർ

ഓസ്ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിർണായക പരമ്പരകൾ കണക്കിലെടുത്ത് തിരിച്ചുവരവിൻറെ അടുത്ത ഘട്ടമെന്ന നിലയിലാണ് റിഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോൾ അവസരം നൽകിയതെന്നാണ് അ​ഗാക്കറിന്റെ വിശദീകരണം.

author-image
Greeshma Rakesh
New Update
gautam-gambhir-press-conference

ajit agarkar explains why sanju samson snubbed from odis

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് കോച്ച് ഗൗതം ഗംഭീറുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അഗാർക്കർ ഈ ചോദ്യത്തിന് മറുപടി നൽകിയത്.

കാറപകടത്തിൽ പരിക്കേൽക്കുന്നതിന് മുമ്പ് മൂന്ന് ഫോർമാറ്റിലും റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സുപ്രധാന വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള താരമാണ് റിഷഭ് പന്ത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്തിനെ ഇതുവരെ ടി20 മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിർണായക പരമ്പരകൾ കണക്കിലെടുത്ത് തിരിച്ചുവരവിൻറെ അടുത്ത ഘട്ടമെന്ന നിലയിലാണ് റിഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോൾ അവസരം നൽകിയതെന്നാണ് അ​ഗാക്കറിന്റെ വിശദീകരണം.

റിഷഭ് പന്തിനെ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു അടക്കമുള്ള ചില താരങ്ങൾ നിർഭാഗ്യം കൊണ്ട് പുറത്തായി. എന്നാൽ ഇപ്പോൾ ടീമിലെത്തിയ താരങ്ങൾ ലഭിക്കുന്ന അവസരങ്ങളിൽ മികവ് കാട്ടിയാൽ മാത്രമെ അവർക്ക് ടീമിലെ സ്ഥാനം നിലനിർത്താനാവു. കാരണം, പറ്റിയ പകരക്കാർ പുറത്തുണ്ട്. പുറത്തു നിൽക്കുന്നവരോട് പറയാനുള്ളത് മികച്ച പ്രകടനം തുടരണമെന്നാണെന്നും അഗാർക്കർ പറഞ്ഞു.

ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് അഭിഷേക് ശർമെയയും റുതുരാജ് ഗെയ്ക്‌വാദിനെയും ഒഴിവാക്കേണ്ടിവന്നതും ബുദ്ധിമുട്ടേറിയ തിരുമാനമാണ്. ഒഴിവാക്കപ്പെട്ടവർക്ക് അതിൻറെ വിഷമം ഉണ്ടാകുമെന്ന് മനസിലാക്കുന്നു. പക്ഷെ ടി20 ലോകകപ്പിന് മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും റിങ്കു സിംഗിന് ലോകകപ്പ് ടീമിലെത്താനായിരുന്നില്ല. 15 പേരെയല്ലെ ഞങ്ങൾക്ക് തെരഞ്ഞെടുക്കാനാവൂ എന്നും അഗാർക്കർ പറഞ്ഞു.

കളിക്കാർക്ക് ടീമിൽ തുടർച്ച നൽകാതെ ഇടക്കിടെ മാറ്റുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീറാണ് മറുപടി നൽകിയത്. കളിക്കാരുടെ തുടർച്ച പ്രധാനമാണെന്നും എന്നാൽ ഏതെങ്കിലും കളിക്കാരൻ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ കഴിവുള്ള താരമാണെങ്കിൽ അയാളെ മൂന്ന് ഫോർമാറ്റിലും കളിപ്പിക്കണമെന്നാണ് തൻറെ നിലപാടെന്നും ഗംഭീർ വിശദീകരിച്ചു.

കാരണം, മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങാനാവുക എന്നത് ഒരു കളിക്കാരൻറെ മികവാണ്. ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിച്ചതോടെ പുതുതായി മൂന്ന് കളിക്കാർക്ക് അവിടെ അവസരം ലഭിക്കുന്നുണ്ട്. ഈ രീതിയിലാണ് തലമുറ മാറ്റം സംഭവിക്കുന്നതെന്നും ഏകദിനത്തിനും ടെസ്റ്റിനും ടി20ക്കും വ്യത്യസ്ത ടീമുകളെന്ന ആശയം ഒറ്റയടിക്ക് നടപ്പാക്കാനാവില്ലെന്നും ഗംഭീർ വ്യക്തമാക്കി. ടി20 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മൂന്ന് കളിക്കാർ ഒരുമിച്ച് വിരമിച്ചതോടെ മാറ്റത്തിൻറെ ബട്ടൺ തങ്ങൾ അമർത്തുകയാണെന്ന് അഗാർക്കറും കൂട്ടിച്ചേർത്തു.



Rishabh Pant sports news Sanju Samson Gautam Gambhir Ajit Agarkar