മുംബൈ: ടി20 ലോകകപ്പിൽ രോഹിത് ശർമക്ക് കീഴിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയെ തഴഞ്ഞ് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കിയതിൽ വിശദീകരണവുമായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിഗ് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും.
സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്ന് അഗാർക്കർ വ്യക്തമാക്കി. ഹാർദ്ദിക്കിൻറെ ഫിറ്റ്നെസിൻറെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ക്യാപ്റ്റൻ എല്ലായ്പ്പോഴും ഗ്രൗണ്ടിൽ ഉണ്ടാകേണ്ട കളിക്കാരനാണ്. അതുപോലെ ഡ്രസ്സിംഗ് റൂമിൽ കളിക്കാരോടുള്ള സമീപനവും മറ്റ് പല ഘടകങ്ങളും നോക്കിയാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത്. ടി20 ബാറ്ററെന്ന നിലയിൽ സൂര്യയുടെ ബാറ്റിംഗിനെക്കുറിച്ചും ആശങ്കയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ ടീമിൻറെ ശ്രീലങ്കൻ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് മറുപടി നൽകിയത്.
ഹാർദ്ദിക്കിന് പരിക്കേറ്റ് പുറത്തായാൽ മുമ്പ് നയിക്കാൻ രോഹിത് ശർമയുണ്ടായിരുന്നു. എന്നാൽ രോഹിത് ടി20യിൽ നിന്ന് വിരമിച്ചതോടെ ക്യാപ്റ്റന് പരിക്കേൽക്കുകയോ ഫോം ഔട്ടാവുകയോ ചെയ്താൽ പകരം ആരെന്ന ചോദ്യം ഉയർന്നുവരും. അതുകൊണ്ടാണ് സൂര്യകുമാറിനെ ടി20 ക്യാപ്റ്റനാക്കിയതും മൂന്ന് ഫോർമാറ്റിലും കളിക്കുമെന്ന് ഉറപ്പുള്ള ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതും. ഹാർദ്ദിക് ഇന്ത്യയുടെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഹാർദ്ദിക്കിനെപ്പോലെ ഓൾ റൗണ്ട് മികവുള്ള താരങ്ങൾ അപൂർവമാണ്. പക്ഷെ ഫിറ്റ്നെസ് മാത്രമാണ് ഹാർദ്ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള ഒരു കളിക്കാരനെയാണ് ഞങ്ങൾ നോക്കിയത്. അങ്ങനെ വരുമ്പോൾ ടി20 ടീമിൻറെ കാര്യത്തിൽ അത് സൂര്യകുമാറാണെന്നും അഗാർക്കർ വിശദീകരിച്ചു.
അതെസമയം ടി20 ക്യാപ്റ്റനാക്കിയെങ്കിലും സൂര്യകുമാറിനെ ഏകദിന ടീമിലേക്ക് ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അഗാർക്കർ കൂട്ടിച്ചേർത്തു. ഏകദിന ടീമിൽ ശ്രേയസ് അയ്യരും കെ എൽ രാഹുലും തിരിച്ചെത്തിയതോടെ മധ്യനിര കൂടുതൽ ശക്തിപ്പെട്ടുവെന്നും അജിത് അഗാർക്കർ പറഞ്ഞു.