പല്ലെകേലെ : ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. ടി-20 പരമ്പരയില്‍ വിജയം സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ആഗസ്റ്റ് 2 മുതല്‍ 7 വരെ മുതല്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ നടക്കുക. കൊളംബോയിലാണ് മത്സരവേദി. ഇതിന് മുന്നോടിയായി ഇന്ത്യന്‍ പരിശീലകന്‍ താരങ്ങള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റിന്റെ ഭാഗമാകാത്ത താരങ്ങള്‍ക്ക് വലിയ ഇടവേള ഉണ്ടാകുമെന്നും എന്നാല്‍ അവര്‍ക്ക് ബംഗ്ലാദേശുമായുള്ള പര്യടനത്തില്‍ തിരിച്ചെത്തണമെങ്കില്‍ സ്‌കില്ലും ഫിറ്റ്നെസും കാര്യമായി ശ്രദ്ധിക്കണമെന്നാണ് ഗംഭീര്‍ പറഞ്ഞത്. '50 ഓവര്‍ ഫോര്‍മാറ്റിന്റെ ഭാഗമാകാത്ത താരങ്ങള്‍ക്ക് വലിയ ഒരു ഇടവേള ഉണ്ടാകും, അതുകൊണ്ട് ബംഗ്ലാദേശിനെതിരായ സീരീസില്‍ നിങ്ങള്‍ തിരിച്ചെത്താനും ശ്രദ്ധിക്കണം. അതിന് നിങ്ങളുടെ ഫിറ്റ്നെസും സ്‌കില്ലും ഉയര്‍ന്ന നിലവാരമുണ്ടെന്നതും ഉറപ്പ് വരുത്തണം. നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെങ്കില്‍ കുഴപ്പമില്ല, ഞാന്‍ ടീമുമായി മുന്നോട്ട് പോകും. അതുകൊണ്ട് ഫിറ്റ്നെസ് ലെവല്‍ ശരിയായ രീതിയില്‍ ശ്രദ്ധിക്കുക,' ഗംഭീര്‍ പറഞ്ഞു.