പാരിസ്: സെമി ഫൈനലിലെ ദീർഘമായ പോരിന് ശേഷം കാർലോസ് അൽകാരസിനും അലക്സാണ്ടർ സ്വരേവിനും ഫ്രഞ്ച് ഓപൺ ടെന്നിസ് പുരുഷ ഫൈനൽ ഇന്ന്. ഇറ്റലിയുടെ ജാനിക് സിന്നറിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് അൽകാരസ് സെമി കടന്നത്. നാല് മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മത്സരത്തിൽ 2-6, 6-3, 3-6, 6-4, 6-3 എന്ന സ്കോറിനായിരുന്നു അൽകാരസിന്റെ ജയം. നോർവേയുടെ കാസ്പർ റുഡിനെതിരെ 2-6, 6-2, 6-4, 6-2 എന്ന സ്കോറിനാണ് സ്വരേവ് ജയിച്ചത്.
കഴിഞ്ഞ മൂന്ന് തവണയും അൽകാരസ് റോളണ്ട് ഗാരോസിൽ സെമിയിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് ജയിച്ചാൽ മൂന്ന് വ്യത്യസ്ത പ്രതലങ്ങളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി അൽകാരസിന് സ്വന്തമാകും. കഴിഞ്ഞ വർഷം വിംബിൾഡണിൽ ജേതാവായ അൽകാരസ് 2022ൽ യു.എസ് ഓപണിലും കിരീടം ചൂടിയിരുന്നു. മൂന്നാം സീഡാണ് അൽകാരസ്. നാലാംസീഡായ സ്വരേവിന് ഇത് രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണ്.