പാരിസ്: കളിമൺ കോർട്ടിൽ ആദ്യമായി കിരീടം സ്വന്തമാക്കി കാർലോസ് അൽകാരസ്.ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൾസ് കിരീടം ആദ്യമായാണ് ഒരു സ്‌പെയ്‌ൻകാരൻ സ്വന്തമാക്കുന്നത്. പതിനാലുതവണ ജേതാവായ റാഫേൽ നദാലിന്റെ പിൻഗാമിയാണ് കാർലോസ് അൽകാരസ്.അഞ്ചുസെറ്റ് നീണ്ട ഫൈനലിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ കീഴടക്കി. നാലുമണിക്കൂറും 19 മിനിറ്റും നീണ്ട കലാശപ്പോരിൽ 6–-3, 2–-6, 5–-7, 6–-1, 6–-2നാണ് ജയം.
ആദ്യസെറ്റിൽ അൽകാരസിന്റെ വിജയം അനായാസമായിരുന്നു. 46 മിനിറ്റിൽ സെറ്റ് നേടി. അതേനാണയത്തിൽ തിരിച്ചടിച്ചാണ് സ്വരേവ് തിരിച്ചുവന്നത്. 52 മിനിറ്റിൽ സെറ്റ് നേടിയ ഊർജം അടുത്ത സെറ്റിലും പ്രകടമായി. ഒരുമണിക്കൂർ നീണ്ട പോരിനൊടുവിൽ സ്വരേവ് കളിയുടെ നിയന്ത്രണം പിടിച്ചു. എന്നാൽ, തോൽവിയിലും തിരിച്ചുവരാനുള്ള സ്‌പാനിഷ്‌വീര്യം അൽകാരസിന്റെ റാക്കറ്റിലും ഉണ്ടായിരുന്നു. എതിരാളിയെ പൊരുതാൻപോലും അനുവദിക്കാതെ 40 മിനിറ്റിൽ 6–-1ന് സെറ്റ് പിടിച്ചു. അതോടെ അവസാന സെറ്റ് നിർണായകമായി.
വിജയം മണത്തതോടെ ഇരുപത്തൊന്നുകാരന്റെ ഷോട്ടുകൾക്ക് കരുത്തുകൂടി. ഒടുവിൽ 54 മിനിറ്റിൽ സെറ്റും കളിയും സ്വന്തമാക്കി. ലോക മൂന്നാംറാങ്കുകാരന്റെ മൂന്നാം ഗ്രാന്റ്‌സ്ലാം കിരീടമാണ്. 2022ൽ യുഎസ് ഓപ്പണും 2023ൽ വിംബിൾഡണും നേടി. നാലാംറാങ്കുകാരനായ സ്വരേവിന്റെ ആദ്യ ഗ്രാന്റ്‌സ്ലാം കിരീടമെന്ന മോഹം ഒരിക്കൽക്കൂടി പൊലിഞ്ഞു.