അനിൽ കുംബ്ലെ നായകനായിരുന്നപ്പോൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്പിന്നറുമായ അമിത് മിശ്ര.ഇതുവരെ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി പുറത്തായിട്ട്.ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ താൻ നേരിടേണ്ടിവന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പരിക്കുകളും ടീം സെലക്ഷനുമാണ് ദേശീയ ടീമിലെ തന്റെ കരിയർ നശിപ്പിച്ചതെന്നാണ് അമിത് മിശ്ര തുറന്നു പറയുന്നത്.കുംബ്ലെയ്ക്ക ശേഷം ധോണിയുടെയും കോലിയുടെയും നായകത്വത്തിലും മിശ്ര കളിച്ചിട്ടുണ്ട്. 22 ടെസ്റ്റ്, 36 ഏകദിനം, 10 ടി20 കളിലും താരം ഇന്ത്യയ്ക്കായി കളിച്ചു. ഒരു അഭിമുഖത്തിലാണ് തന്നെ ടീമിൽ നിന്ന് തഴഞ്ഞതിനെക്കുറിച്ച് മിശ്ര വെളിപ്പെടുത്തൽ നടത്തിയത്.
“ടീം സെലക്ഷനിൽ പിച്ചിലെ കഴിവ് മാത്രം പോര, ക്യാപ്റ്റന്റെ ഇഷ്ടം കൂടി വേണം. ക്യാപ്റ്റനാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. എനിക്ക് ധോണിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷേ ഞാൻ രണ്ടു തവണ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന്. ടീമിന്റെ കോമ്പിനേഷനുകളിൽ ഞാൻ പൊരുത്തപ്പെടുന്നില്ലെന്നാണ് അദ്ദേഹം മുറപടി നൽകിയത്’.
“എനിക്ക് വിശ്രമം അനുവദിച്ചുവെന്ന് പിന്നീട് അറിഞ്ഞു. എന്നാൽ ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ആ സമയത്ത് ഞാൻ 10 ടെസ്റ്റ് പോലും കളിച്ചിരുന്നില്ല. അതിനാൽ വിശ്രമം ചോദിക്കാൻ ഒരു കാരണവുമുണ്ടായിരുന്നില്ല. ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഒരു സാഹചര്യമായിരുന്നില്ല എനിക്ക്. ഞാൻ പരിശീലകനോട് ചോദിച്ചു. എന്നാൽ ധോണിയോട് നേരിട്ട് ചോദിക്കാനാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അതിന് സാധിക്കില്ലെന്ന് തോന്നി. വീണ്ടും ഞാൻ പരിശീലകനോട് ചോദിച്ചപ്പോൾ. നിങ്ങൾക്ക് അവർ വിശ്രമം അനുവദിച്ചു എന്നാണ് പറഞ്ഞത്’.
“ഐപിഎൽ സമയത്ത് ദേശീയ ടീമിലെ എന്റെ ഭാവിയെക്കുറിച്ച് മാനേജ്മെന്റിനോട് ചോദിച്ചു. അവർ തിരികെ വരാനുള്ള സാദ്ധ്യതകളുണ്ടെന്ന് വ്യക്തമാക്കി. 2016 ലെ ശ്രീലങ്കൻ പരമ്പരയിലെ എന്റെ തിരിച്ചുവരവിന് കോലിയുടെ നിർണായക പങ്കുണ്ടായിരുന്നു. ഞാൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടായിരുന്നു, ശ്രീലങ്കൻ സാഹചര്യങ്ങളിൽ കാര്യക്ഷമതയുള്ള ഒരു ലെഗ് സ്പിന്നറെ ടീമിന് ആവശ്യമായിരുന്നു. ഞാൻ ടീമിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തോടൊപ്പം പരിശീലിക്കണമെന്ന് കോലി എന്നോട് പറഞ്ഞു.
എനിക്ക് അദ്ദേഹത്തെപ്പോലെ ഭാരം ഉയർത്താൻ കഴിയില്ലെങ്കിലും അദ്ദേഹം ശുപാർശ ചെയ്യുന്ന മറ്റേതെങ്കിലും പരിശീലനത്തിന് ഞാൻ തയ്യാറാണെന്ന് ഞാൻ വിശദീകരിച്ചു,”എന്നാൽ, പിന്നീട് എന്റെ ഭാവിയെക്കുറിച്ച് കോലിയോട് വീണ്ടും ചോദിച്ചപ്പോൾ എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഞാൻ അദ്ദേഹത്തിന് സന്ദേശമയയ്‌ക്കുക പോലും ചെയ്‌തു, പക്ഷേ അദ്ദേഹം വാചകം വായിച്ചെങ്കിലും ഒരു മറുപടി നൽകിയില്ല’.— മിശ്ര വെളിപ്പെടുത്തി.