ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീം വമ്പൻ വിജയം നേടിയെങ്കിലും ടീം മാനേജ്‌മെന്റിന്റെ ഒരു തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ താരം ബാസിത് അലി.ഇന്ത്യൻ ടീം രണ്ടാമിന്നിങ്‌സിൽ നേരത്തേ ഡിക്ലയർ ചെയ്ത തീരുമാനത്തിനെതിരെയാണ് വിമർശനം. കുറേക്കൂടി കഴിഞ്ഞ് ഡിക്ലയർ ചെയ്യുന്നതായിരുന്നു ടീമിനു ഉചിതമെന്നും അലി ചൂണ്ടിക്കാട്ടി.
സ്വന്തം യൂട്യൂബ് ചാനലിൽ മൽസരത്തെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം. 280 റൺസിന്റെ ഏകപക്ഷീയ വിജയമാണ് രോഹിത് ശർമയും സംഘവും ചെന്നൈ ടെസ്റ്റിൽ കൈക്കലാക്കിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. പരമ്പരയിലെ അടുത്ത മൽസരം വെള്ളിയാഴ്ച മുതലാണ്.
227 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യൻ ടീം മൂന്നാംദിനം രണ്ടാമിന്നിങ്‌സിൽ നാലു വിക്കറ്റിനു 287 നിൽക്കെ ഡിക്ലയർ ചെയ്യുകയായിരുന്നു. ടീമിന്റെ ലീഡ് 514 റൺസിലെത്തിയതിനു പിന്നാലെയാണ് ക്രീസിലുണ്ടായിരുന്ന ശുഭ്മൻ ഗില്ലിനോടും കെഎൽ രാഹുലിനോടും തിരികെ മടങ്ങാൻ ക്യാപ്റ്റൻ രോഹിത് ശർമ ആവശ്യപ്പെട്ടത്.ഇന്ത്യ രണ്ടാമിന്നിങ്‌സ് നേരത്തേ ഡിക്ലയർ ചെയ്ത് മോശം തീരുമാനമാണ്. ദുലീപ് ട്രോഫിയിൽ വലിയ റൺസൊന്നും നേടാൻ കെഎൽ രാഹുലിനായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഈ ടെസ്റ്റിൽ ഫോം വീണ്ടെടുക്കാൻ ഇന്ത്യക്കു അവസരം നൽകാമായിരുന്നു.
രാഹുൽ 70-80 റൺസ് രണ്ടാമിന്നിങ്‌സിൽ നേടിയിരുന്നെങ്കിൽ അതു ഇന്ത്യക്കു മുതൽക്കൂട്ടാവുമായിരുന്നു. കാരണം ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വളരെ നിർണായകമായ പൊസിഷനിലാണ് രാഹുൽ ബാറ്റ് ചെയ്യുകയെന്നും ബാസിത് അലി നിരീക്ഷിച്ചു. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ 52 ബോളിൽ നിന്നും 16 റൺസ് നേടിയാണ് രാഹുൽ പുറത്തായത്.
രണ്ടാമിന്നിങ്‌സിൽ ക്രീസിലെത്തിയ ശേഷം മികച്ച ഫോമിലാണ് താരം കാണപ്പെട്ടത്. വളരെ ഒഴുക്കോടെ, അഗ്രസീവായി ഷോട്ടുകൾ പായിക്കാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു, 19 ബോളിൽ നാലു ഫോറുകളടക്കം രാഹുൽ 22 റൺസെടുത്തു നിൽക്കവെയായിരുന്നു രോഹിത്തിന്റെ ഡിക്ലയറേഷൻ തീരുമാനം.അതെസമയം രണ്ടാമിന്നിങ്‌സിൽ ഇന്ത്യക്കു വേണ്ടി കിടിലൻ സെഞ്ച്വറി കുറിച്ച റിഷഭ് പന്തിനെ പ്രശംസിക്കാൻ ബാസിത് അലി മറന്നില്ല. ഓസ്‌ട്രേലിയൻ പിച്ചുകളിൽ എങ്ങനെയാണോ കളിക്കേണ്ടത് ആ രീതിയിലാണ് റിഷ് പന്ത് ബാറ്റ് വീശിയത്. അദ്ദേഹം കളിച്ചിട്ടുള്ള ഷോട്ടുകൾ കാണാൻ എനിക്കു ഇഷ്ടമാണ്.
കാരണം കാറപകടത്തിലേറ്റ പരിക്കിനു ശേഷം റിഷഭിനു ഒരിക്കലും ക്രിക്കറ്റിലേക്കു മടങ്ങിയെത്താൻ സാധിക്കില്ലെന്നു നിരവധിയാളുകൾ പറഞ്ഞിരുന്നു. ആ പരിക്കിൽ നിന്നും മോചിതനായി മടങ്ങിയെത്താൻ അദ്ദേഹം നടത്തിയിട്ടുള്ള കഠിനാധ്വാനത്തിനു നമ്മൾ ക്രെഡിറ്റ് നൽകിയേ തീരൂവെന്നും ബാസിത് അലി കൂട്ടിച്ചേർത്തു.അതേസമയം, നാലാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ബംഗ്ലാദേശിനെ എറിഞ്ഞിട്ടാണ് ചെന്നൈ ടെസ്റ്റിൽ ഇന്ത്യ ഏകപക്ഷീയ വിജയം കൈക്കലാക്കിയത്. ആറു വിക്കറ്റുകൾ കട പുഴക്കിയ ആർ അശ്വിനാണ് ബംഗ്ലാദേശിന്റെ അന്തകനായത്. 515 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 234ന് കൂടാരംകയറുകയായിരുന്നു. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (82) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറ്റാരിൽ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല.