ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ മാനേജര്‍ സ്വെന്‍ ഗോറന്‍ എറിക്‌സന്‍ അന്തരിച്ചു. 76ാം വയസിലാണ് അന്ത്യം. മുന്‍ പരിശീലകന്റെ വേര്‍പാട് കുടുംബം സ്ഥിരീകരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച ആദ്യ ഇംഗ്ലിഷുകാരനല്ലാത്ത മാനേജരാണ് സ്വീഡന്‍ സ്വദേശിയായ എറിക്‌സന്‍.
2001 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തിലാണ് എറിക്‌സന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മാനേജരായിരുന്നത്. 2002, 2006 ലോകകപ്പുകളിലും 2006ലെ യൂറോ കപ്പിലും ഇം?ഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കാനായതാണ് സ്വീഡിഷ് പരിശീലകന്റെ പ്രധാന നേട്ടം. 2001ല്‍ ഫിഫ ലോകകപ്പിന്റെ യോഗ്യത റൗണ്ടില്‍ മ്യൂണികില്‍ വെച്ച് ഇംഗ്ലണ്ട് ജര്‍മ്മനിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തത് എറിക്‌സന്റെ പരിശീലക കാലയളവിനെ അടയാളപ്പെടുത്തുന്നതാണ്.
ഇംഗ്ലണ്ട് ദേശീയ ടീമിനു പുറമേ മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, എഎസ് റോമ, ലാസിയോ തുടങ്ങി 12 ക്ലബുകളെയും എറിക്‌സണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. 18 കിരീടങ്ങളാണ് ക്ലബ് ഫുട്‌ബോളില്‍ സ്വീഡിഷ് പരിശീലകന്റെ നേട്ടം. മെക്‌സിക്കോ, ഐവറി കോസ്റ്റ്, ഫിലിപ്പീന്‍സ് തുടങ്ങിയ ദേശീയ ടീമുകളെയും എറിക്‌സണ്‍ പരിശീലിപ്പിച്ചിരുന്നു.