മുംബൈ: ശ്രീലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച പല നിർണായക മാറ്റങ്ങളാണ് ടീമിൽ വരുത്തിയിരിക്കുന്നത്. ടി20 നായകസ്ഥാനത്ത് വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ നീക്കി പകരം സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കിയതാണ് ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത്.കൂടാതെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുബ്മാൻ ഗില്ലിനേയുമാണ് പരിഗണിച്ചത്.റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവരെല്ലാം ശുബ്മാനെക്കാൾ മുമ്പ് നായകസ്ഥാനത്തെത്തിയവരാണ്.
നായകനെന്ന നിലയിൽ മികച്ച റെക്കോഡുമുണ്ട് ഇവർക്ക്.എന്നിട്ടും ഇവരെയെല്ലാം മറികടന്ന് ശുബ്മാൻ ഗില്ലിനെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായിരുന്ന വിക്രം റാത്തോർ.ഇത്തരമൊരു ഉത്തരവാദിത്തം നൽതിയത് അവൻ രോഹിത് ശർമ, വിരാട് കോലി എന്നിവരെപ്പോലെ ആകാനായാണെന്നാണ് അദ്ദേഹം പറയുന്നത്.
'നായകസ്ഥാനം ലഭിച്ചതാണ് കോലിയിൽ നിന്നും രോഹിത്തിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെത്തിച്ചത്. ശുബ്മാൻ ഗില്ലിൽ നിന്നും ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അവൻ ക്യാപ്റ്റനായിട്ടില്ല. എന്നാൽ ഇത്തരമൊരു വലിയ ടീമിന്റെ നായകസ്ഥാനം ലഭിച്ചാൽ അവനിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാണാനാവും. ഇക്കാര്യം എനിക്കുറപ്പാണ്. നമ്മൾക്ക് നായകസ്ഥാനം ലഭിക്കുകയും മറ്റുള്ളവരെ നയിക്കേണ്ടി വരികയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉത്തരവാദിത്തം കൂടും.
യുവതാരങ്ങൾക്ക് ഇത് ഗുണം ചെയ്യുന്ന കാര്യമാണ്. ശുബ്മാനെപ്പോലെയുള്ള താരങ്ങൾക്ക് വളരാനുള്ള അവസരം ഇത് നൽകുന്നു. ഭാവിയിൽ മുന്ന് ഫോർമാറ്റിലും ശുബ്മാൻ ഗിൽ ഇന്ത്യയെ നയിക്കും' വിക്രം റാത്തോർ പറഞ്ഞു. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന യുവതാരങ്ങളിലൊരാളാണ് ശുബ്മാൻ ഗിൽ. വിരാട് കോലിക്ക് ശേഷം ആ സ്ഥാനം അലങ്കരിക്കാൻ കഴിവുള്ളവനെന്ന് പ്രമുഖരടക്കം പറയുന്ന താരമാണ് ശുബ്മാൻ.
എന്നാൽ സമീപകാലത്തായി അദ്ദേഹം ടി20 ടീമിന് പുറത്തായിരുന്നു. ടി20 ലോകകപ്പിൽ റിസർവ് താരമായാണ് ശുബ്മാൻ ഗിൽ കളിച്ചത്. എന്നാൽ ഇപ്പോൾ വൈസ് ക്യാപ്റ്റനായാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ശുബ്മാൻ പതിയ തുടങ്ങി പിന്നീട് റൺസുയർത്തുന്ന ക്ലാസിക് ശൈലിയുള്ള താരമാണ്. ടി20യിൽ സെഞ്ച്വറിയും ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് ശുബ്മാൻ ഗിൽ. എന്നാൽ സമീപകാലത്തായി അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം നടത്തുന്നില്ല.
സിംബാബ് വെക്കെതിരായ ടി20 പരമ്പരയിൽ ശുബ്മാൻ ഗില്ലിന് കീഴിലാണ് ഇന്ത്യ കളിച്ച് ജയിച്ചത്. എന്നാൽ ഇപ്പോൾ നായകസ്ഥാനത്തേക്ക് ശുബ്മാനെ എത്തിക്കുന്നത് ടീമിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ കാരണമായേക്കും. കാരണം ഹാർദിക് പാണ്ഡ്യയെപ്പോലെ അനുഭവസമ്പന്നനായ ക്യാപ്റ്റനെ ഒതുക്കിയാണ് ഗില്ലിനെ വളർത്തുന്നത്. ക്യാപ്റ്റൻസി താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിന്റെ അനുഭവം വ്യക്തമാക്കുന്നത്.
റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരെല്ലാം നായകന്റെ സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിവുള്ള താരങ്ങളാണ്. എന്നിട്ടും ഇവരെ തഴഞ്ഞ് ശുബ്മാൻ ഗില്ലിനെ വളർത്താൻ കാരണം വ്യക്തി താൽപര്യങ്ങളാണെന്ന വിമർശനം ഇപ്പോൾ ശക്തമായി നിലനിൽക്കുന്നുണ്ട്. ശുബ്മാൻ ഗില്ലിനായി സച്ചിൻ ടെണ്ടുൽക്കറടക്കം ഇടപെട്ടെന്നാണ് വിമർശനം. ശുബ്മാനെ നായകനായി വളർത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല. എന്നാൽ നായകസ്ഥാനം അർഹിക്കുന്ന ഗില്ലിനെക്കാൾ മികച്ച താരങ്ങളുണ്ടെന്നതാണ് വസ്തുത.
ഗില്ലിന് സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിക്കേണ്ടതായുണ്ട്. രണ്ട് വർഷത്തോളം കൂടിയെങ്കിലും കളിച്ച ശേഷം യുവതാരത്തെ നായകസ്ഥാനത്തിലേക്ക് വളർത്തുന്നതാണ് നല്ലത്. എന്നാൽ നിലവിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് കാട്ടുന്ന തിടുക്കം ശുബ്മാന്റെ കരിയർ തകർക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.