ന്യൂഡല്‍ഹി : ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിന് ഖത്തറിന് അനുവദിച്ച വിവാദ ഗോളാണ് ഇപ്പോള്‍ കായിക ലോകത്തെ ഒരു ചര്‍ച്ചാ വിഷയം. ഇതിനെകുറിച്ച് അന്വേഷിക്കണമെന്ന് ഫിഫയോടും എഎഫ്സിയോടും ആവശ്യപ്പെട്ടെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു. ഗോള്‍ ലൈനിന് പുറതച്തുപോയ പന്ത് എടുത്താണ് ഖത്തര്‍ സമനില പിടിച്ചെടുത്തത്. ഇങ്ങനെയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.
സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യ ആദ്യമായി ഇറങ്ങിയ മത്സരമായിരുന്നു ഖത്തറിന് എതിരെയുള്ളത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ ആയത്. മത്സരത്തിന്റെ 73-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ വിവാദ ഗോള്‍ പിറന്നത്. യൂസഫ് അയ്‌മെന്‍ നേടിയ ഗോള്‍ നിഷേധിക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ലീഡും വിജയവും കൈവിട്ടു. ലീഡ് കൈവിട്ടതോടെ ഇന്ത്യ പതറി. 85-ാം മിനിറ്റില്‍ ഖത്തര്‍ മുന്നിലെത്തുകയും ചെയ്തു. അല്‍ റാവി നേടിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്.