റൗഫിന് അഞ്ചു വിക്കറ്റ്, പാകിസ്താന് അനായാസ ജയം

അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 71 പന്തില്‍ 82 റണ്‍സ് നേടിയ സെയിം അയൂബാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്.

author-image
Prana
New Update
haris rauf

പരമ്പരയിലെ രണ്ടാം ഏകദിനമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് കീഴടക്കി  പാകിസ്താന്‍. അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 71 പന്തില്‍ 82 റണ്‍സ് നേടിയ സെയിം അയൂബാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. അബ്ദുള്ള ഷഫീഖ് 69 പന്തില്‍ പുറത്താവാതെ 64 റണ്‍സ് നേടി. 20 പന്തില്‍ 15 റണ്‍സ് നേടി ബാബര്‍ അസമും പുറത്താകാതെ നിന്നു.
എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകര്‍ത്തത്. ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് നേടി. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്‌സിതാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരില്‍ നിന്നും ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ്- അബ്ദുള്ള ഷെഫീഖ് സഖ്യം 137 റണ്‍സ് ചേര്‍ത്തു. അയൂബിനെ ആഡം സാംപയാണ് പുറത്താക്കിയത്. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയൂബിന്റെ ഇന്നിങ്‌സ്. പിന്നീട് ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഷെഫീഖ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷെഫീഖിന്റെ ഇന്നിങ്‌സ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയില്‍ സ്മിത്ത് ഒഴികെ ആര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാനായില്ല. 35 ഓവറില്‍ എല്ലാവരും പുറത്താവുകയും ചെയ്തു.

cricket odi Pakistan vs australia