ഫിഫ ലോകകപ്പ് മറ്റാരേക്കാളും ഏറ്റവും അധികം ആഘോഷമാക്കുന്നത് മലയാളികളാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.കാരണം തുടക്കം മുതൽ മത്സരത്തിന്റെ അവസാനം വരെ പ്രിയ താരങ്ങളുടെ കൂറ്റൻ ഫ്ലക്സുകളും ബോർഡുകളും നിറയ്ക്കുന്ന കാര്യത്തിലും മലയാളികളെ വെല്ലാൻ ആളില്ല.കഴിഞ്ഞ വർഷം കേരളത്തിലെ കൂറ്റൻ മെസി, റൊണാൾഡോ, നെയ്മർ, ഫ്ലക്സ് ബോർഡുകൾ വൈറലായിരുന്നു അത് ഫിഫ ഒഫീശ്യൽ പേജും നെയ്മറും ഉൾപ്പെടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈ വരുന്ന ഫിഫ ലോകകപ്പിന് കേരളക്കരയുടെ ആവേശത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഫിഫ തന്നെ.
പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന് സംശയം തോന്നിപ്പിക്കുന്ന പോസ്റ്റാണ് ഇപ്പോൽ മലയാളികളെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുന്നത്. കാരണം ഔദ്യോഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂർ പുഴയിൽ ലോകകപ്പിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന മെസിയുടെയും നെയ്മറിൻറെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മലയാളത്തിൽ അടിക്കുറിപ്പുമെത്തിയത്.
‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”. എന്നതായിരുന്നു കാപ്ഷൻ. മലയാള ചിത്രം സെവൻത് ഡേയിലെ ഡയലോഗുകളുടെ സ്റ്റൈലിലായിരുന്നു അടിക്കുറിപ്പ്.ഇത് മലയാളികളെ ശരിക്കും ഞെട്ടിക്കുകയും ആവേശത്തിലാഴ്‌ത്തുകയും ചെയ്തു. നിരവധി പേർ അഡ്മിൻ മലയാളിയാണെന്ന കമൻ്റുകളും മറ്റ് രസകരമായ കമൻ്റുകളുമായെത്തി. നേരത്തെയും ഈ ചിത്രങ്ങൾ ഫിഫ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിരന്നു. അത് ലോകകപ്പ് സമയത്തായിരുന്നു.
മലയാളികളുടെ ഫുട്ബോൾ അഭിനിവേശത്തെ വാഴ്‌ത്തിയായിരുന്നു പോസ്റ്റ്. നിലവിൽ യൂറോയ്‌ക്കൊപ്പം കോപ്പ അമേരിക്കയും തുടങ്ങുന്നതിന് മുന്നോടിയായാണ് വീണ്ടും ചിത്രം പങ്കുവച്ചത്. മലയാളിയുടെ ഫുട്ബോൾ ആവേശം അങ്ങനെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.