അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലായി വിരാട് കോഹ്‌ലി അന്താരാഷ്ട്ര കരിയറില്‍ 27,000 റണ്‍സ് പിന്നിട്ടു. 594ാം ടെസ്റ്റ് ഇന്നിംഗ്‌സിലാണ് കോഹ്‌ലിയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് താരങ്ങള്‍ മാത്രമാണ് 27,000 റണ്‍സ് പിന്നിട്ടിട്ടുള്ളത്. 34,357 റണ്‍സോടെ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 28016 റണ്‍സോടെ സംഗക്കാര രണ്ടാമതും 27,483 റണ്‍സ് നേടി റിക്കി പോണ്ടിങ് മൂന്നാമതും ഉണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 27,000 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയുടെ പേരിലാണ്. 594ാം ഇന്നിംഗ്‌സിലാണ് കോഹ്‌ലിയുടെ നേട്ടം. മുമ്പ് 623 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടം കൈവരിച്ച സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഏകദിനത്തില്‍ 13,906 റണ്‍സും ട്വന്റി 20യില്‍ 4,188 റണ്‍സും ടെസ്റ്റില്‍ 8,918 റണ്‍സും കോഹ്‌ലി അടിച്ചുകഴിഞ്ഞു.
അതിനിടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് ഇനി 26 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.