ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏവരും ഉറ്റുനോക്കിയ മത്സരമായിരുന്നു ആര്‍സിബി-സിഎസ്‌കെ പോരാട്ടം. ഇന്നലെ മത്സരത്തില്‍ ചെന്നൈക്കെതിരെ പൊരുതി പ്ലെ ഓഫില്‍ ബാഗ്ലൂര്‍ ഇടം പിടിക്കുകയായിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ലീഗിലെ അത്ഭുത ക്യാച്ച് ആണ്. ഒരുപക്ഷേ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്‌സ് നായകനെ തേടിയെത്തുവാനും സാധ്യതയുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മിച്ചല്‍ സാന്ററെയാണ് ഡു പ്ലെസിസ് പറന്നുപിടിച്ചത്. മത്സരത്തിന്റെ 15-ാം ഓവറിലെ അവസാന പന്തിലാണ് അത്ഭുത ക്യാച്ച് വന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളില്‍ പറത്താനായിരുന്നു സാന്ററുടെ തീരുമാനം. എന്നാല്‍ മിഡ് ഓഫില്‍ ഉണ്ടായിരുന്ന ഡു പ്ലെസി സാന്ററുടെ ഷോട്ടിന് ഒറ്റക്കൈയ്യില്‍ പറന്നുപിടിച്ചു. മൂന്ന് റണ്‍സുമായി മടങ്ങാനായിരുന്നു ചെന്നൈ താരത്തിന്റെ വിധി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് മികച്ച സ്‌കോര്‍ നേടി. തുടക്കം മുതല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആരാട്ടായിരുന്നു. ഇടയ്ക്ക് മഴപെയ്തത് ബെംഗളൂരു ആക്രമണം അല്‍പ്പം മെല്ലെയാക്കിയെങ്കിലും ബാറ്റിംഗ് നിരയില്‍ എല്ലാവരും മികച്ച സ്‌കോറുകള്‍ ഉയര്‍ത്തി. വിരാട് കോഹ്ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാര്‍ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂണ്‍ ഗ്രീന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിലെത്തി.