മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പല വമ്പൻ താരങ്ങളുടെയും കൂടുമാറ്റങ്ങൾ തന്നെയാണ് പ്രധാന ചർച്ചാവിഷയവും.രോഹിത് ശർമ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ തുടങ്ങിയ പല വമ്പന്മാരും ഇത്തവണ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇതിൽ രോഹിത് ശർമയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് കൂടുതൽ ചർച്ചയാകുന്നത്.
മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട രോഹിത് ഇത്തവണ ടീം വിടുമെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സ് എന്നീ രണ്ട് ടീമുകളിലൊന്നിലേക്ക് രോഹിത് കൂടുമാറുമെന്നുമാണ് വിവരം. ഇതിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സ് രോഹിത്തിന് 50 കോടിവരെ ഓഫർ നൽകിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയൻക.
'നിങ്ങൾ ആദ്യം ഒരു കാര്യം പറയൂ, നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ രോഹിത് ശർമ ലേലത്തിലേക്കെത്തുമോ ഇല്ലെയോ എന്ന് പറയാനാവുമോ?. ഇതെല്ലാം അടിസ്ഥാനമില്ലാത്ത ഊഹങ്ങൾ മാത്രമാണ്. മുംബൈ ഇന്ത്യൻസ് രോഹിത്തിനെ ഒഴിവാക്കുമോ ഇല്ലയോ, ലേലത്തിലേക്ക് രോഹിത് എത്തുമോ ഇല്ലെയോ അങ്ങനെ വന്നാൽ തന്നെ ആകെ തുകയുടെ 50% ത്തോളം രോഹിത്തിന് നൽകിയാൽ മറ്റ് 22 താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും' - സഞ്ജീവ് ചോദിച്ചു.
50 കോടി രൂപ രോഹിത്തിനായി ആരും തന്നെ മുടക്കാൻ സാധ്യതയില്ല. രോഹിത് ശർമ മുംബൈ വിട്ടാലും വലിയൊരു റെക്കോഡ് തുക പ്രതീക്ഷിക്കാനാവില്ല. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രരോഹിത്. കൂടാതെ ഇന്ത്യയെ ടി20 ലോകകപ്പിൽ രോഹിത് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാൽ രോഹിത്തിന്റെ സമീപകാല ഐപിഎല്ലിലെ കണക്കുകളെല്ലാം മോശമാണ്. കൂടാതെ 50 കോടിയെന്നത് പേഴ്‌സിലെ ആകെ പണത്തിന്റെ പകുതിയോടടുത്ത് വരും.
ഈ സാഹചര്യത്തിൽ ഇത്രയും തുക ഒരു താരത്തിനായും മുടക്കാൻ ആരും തയ്യാറായേക്കില്ല. കൂടെ മെഗാ താരലേലമാണ് നടക്കാൻ പോകുന്നത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള ടീമിനെ വാർത്തെടുക്കാൻ ബുദ്ധിപൂർവ്വം പ്രവർത്തിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിൽ ഒരു താരത്തിലേക്ക് അമിത പ്രാധാന്യം നൽകി കൂടുതൽ പണം മുടക്കിയാൽ അത് വലിയ തിരിച്ചടി നൽകിയേക്കും. അതുകൊണ്ടുതന്നെ ഒരു ടീമും 50 കോടി ഒരു താരത്തിനായും മുടക്കിയേക്കില്ല.
രോഹിത്തിനെ വാങ്ങാൻ ടീം ആഗ്രഹിക്കുന്നുണ്ടോ എന്നതിനോടും സഞ്ജീവ് പ്രതികരിച്ചു. 'എല്ലാ ടീമുകൾക്കും തങ്ങളുടേതായ താൽപര്യങ്ങളുണ്ടാവും. ബെസ്റ്റ് താരം, ബെസ്റ്റ് നായകൻ എന്നിവരെല്ലാം ടീമിൽ വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ആഗ്രഹിക്കുന്നത് എന്താണെന്നതല്ല എന്താണ് കൈയിലുള്ളതെന്നും എന്തൊക്കെയാണ് ലഭ്യമാകുന്നതെന്നുമാണ് നോക്കേണ്ടത്. അത് ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്നാണ് നോക്കേണ്ടത്. എനിക്ക് ആരേയും ആഗ്രഹിക്കാം.
എന്നാൽ ഇതേ ചിന്തയാവും എല്ലാ ഫ്രാഞ്ചൈസികൾക്കും ഉണ്ടാവുക. എല്ലാ താരങ്ങളേയും നമുക്ക് ലഭിക്കില്ല' സഞ്ജീവ് കൂട്ടിച്ചേർത്തു. രോഹിത് ശർമ മുംബൈയിൽ തുടരാൻ സാധ്യത കുറവാണ്. ഹാർദിക് പാണ്ഡ്യയിലാണ് മുംബൈ ഭാവി കാണുന്നത്. അതുകൊണ്ടുതന്നെ ഹാർദിക്കിനെ ക്യാപ്റ്റനാക്കി മുംബൈ മുന്നോട്ട് പോയാൽ രോഹിത്തിന് വഴിമാറിക്കൊടുക്കേണ്ടി വരും. രോഹിത് ടീമിൽ തുടർന്നാൽ ഹാർദിക്കിന് ടീമിൽ വില ലഭിക്കില്ല.
സ്വതന്ത്ര്യമായി തീരുമാനമെടുക്കാനും ഹാർദിക്കിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ രോഹിത് ടീം വിടണമെന്നാവും മുംബൈയും ആഗ്രഹിക്കുന്നു. പക്ഷെ രോഹിത് മുംബൈ വിട്ടാൽ ടീമിന്റെ ആരാധക പിന്തുണയിൽ വലിയ കുറവുണ്ടായേക്കും. നേരത്തെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയപ്പോൾത്തന്നെ വലിയ ആരാധക രോഷം ഉണ്ടായിരുന്നു. ഇതാണ് രോഹിത്തിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുംബൈയെ പിന്നോട്ടടിക്കുന്നതെന്ന് പറയാം.