ന്യൂഡൽഹി: ഐപിഎല്ലിൽ അൺക്യാപ്ഡ് പ്ലെയർ നിയമം മാറ്റിയതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്.ചെന്നൈ സൂപ്പർ കിംഗ്സിന് ധോണിയെ നാലുകോടി രൂപയ്‌ക്ക് നിലനിർത്താൻ അനുവദിക്കുന്ന തീരുമാനം നല്ലതെന്ന് കൈഫ് അഭിപ്രായപ്പെട്ടു.“നിങ്ങൾക്ക് ധോണിയെ ഗ്രൗണ്ടിൽ കാണാൻ ഒരു ചാൻസ് കൂടി ലഭിക്കും. അദ്ദേഹം ഫിറ്റാണ്. 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നു.
മനോഹരമായി കീപ്പ് ചെയ്യുന്നു. ഞാൻ വിശ്വസിക്കുന്നത് അദ്ദേഹം എത്രനാൾ കളിക്കുന്നോ അത്രയും നാൾ നിയമങ്ങൾ മാറികൊണ്ടിരിക്കും എന്നാണ്. അദ്ദേഹത്തിന് ഐപിഎൽ കളിക്കണമെങ്കിൽ അദ്ദേഹം കളിക്കും.വലിയൊരു താരവും മാച്ച് വിന്നറുമാണ് ധോണി. സിഎസ്കെയുടെ ലീഡറുമായിരുന്നു”—- കൈഫ് പറഞ്ഞു.
“നിയമം മാറ്റിയത് നല്ലകാര്യമാണ്. അദ്ദേഹം ഫിറ്റും നല്ലരീതിയിൽ കളിക്കുന്നുമുണ്ടെങ്കിൽ എന്തുകൊണ്ട് നിയമം മാറ്റിക്കൂടാ. അങ്ങനെ അദ്ദേഹത്തെ കളിക്കാൻ അനുവദിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവർക്കുമറിയാം ധോണി സാബിന് വേണ്ടിയാണ് നിയമം മാറ്റിയതെന്ന്. അദ്ദേഹത്തെ പോലൊരു താരത്തിന് വേണ്ടി എന്തുകൊണ്ട് നിയമം മാറ്റിക്കൂടാ”— കൈഫ് ചോദിച്ചു.
2008-ൽ അവതരിപ്പിച്ചതിന് ശേഷം 2021ൽ ഒഴിവാക്കിയതാണ് അൺക്യാപ്‌ഡ് പ്ലെയർ നിയമം. സീസൺ ആരംഭിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷം മുൻപെങ്കിലും വിരമിച്ച താരങ്ങളെ അൺക്യാപ്‌ഡ് പ്ലെയറായി പരിഗണിക്കാമെന്നാണ് നിയമം.