മ്യൂണിക്ക്: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ഇനി ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത് തീപാറും പോരാട്ടങ്ങൾക്കാണ്. വെള്ളിയാഴ്ചയോടെ തുടക്കമാകുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വമ്പൻ ടീമുകളാണ് ഏറ്റുമുട്ടുന്നത്.24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് 44 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് കരുത്തരായ ടീമുകളിലേക്ക് ചുരുങ്ങി.ടൂർണമെൻറിൽ ഇറങ്ങിയ എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമായ സ്പെയിൻ ആദ്യ ക്വാർട്ടറിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരായ ജർമനിയെയാണ് നേരിടുക.
സ്പെയിൻ പ്രീക്വാർട്ടറിൽ നവാഗതരായ ജോർജിയയെ തകർത്തപ്പോൾ ഡെൻമാർക്കിനെ രണ്ട് ഗോളിന് മറികടന്നാണ് ജർമനിയെത്തുന്നത്. അതെസമയം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിന് പ്രത്യോകത ഏറെയാണ്.ഫാൻ ബോയിയായ കിലിയൻ എംബാപ്പേയുടെ ഫ്രാൻസും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും നേർക്കുനേർ പോരാട്ടത്തിനിറങ്ങും.
പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന റൊണാൾഡോ കളത്തിലിറങ്ങുമ്പോൾ ഫിഫ ലോകകപ്പ് കിരീടം നഷ്ടമായതിനാൽ യൂറോകപ്പ് നേടുക എന്ന ലക്ഷ്യവുമായാണ് എംബാപ്പെ ഇറങ്ങുന്നത്. മത്സരശേഷം വമ്പൻ താരങ്ങളിൽ ഒരാൾ നാട്ടിലേക്ക് മടങ്ങേണ്ടിവരും.അതെസമയം തൻറെ അവസാന യൂറോ കപ്പാണിതെന്ന് റൊമാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ് സെൽഫ് ഗോളിൽ ബെൽജിയത്തിനോട് രക്ഷപ്പെട്ടപ്പോൾ സ്ലോവേനിയയോട് ഷൂട്ടൗട്ടിൽ രക്ഷപ്പെട്ടാണ് പോർച്ചുഗലിൻറെ ക്വാർട്ടർ പ്രവേശം.സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങൾ ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാൾഡോ മത്സരത്തിനിടെ ലഭിച്ച പെനൽറ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു. എന്നാാൽ ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാൾഡോ ലക്ഷ്യം കണ്ടു. കിലിയൻ എംബാപ്പെയാകട്ടെ ടൂർണമെൻറിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടിയത്.
ഇംഗ്ലണ്ട് ശനിയാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡുമായും നെതർലൻഡ്സ് രാത്രി 12.30ന് തുർക്കിയുമായും ഏറ്റുമുട്ടും.നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെ രണ്ടു ഗോളിന് വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡ് വരുന്നത്. ഇംഗ്ലണ്ട് നാടകീയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ മറികടന്നു. നെതർലൻഡ്സ് റുമാനിയയെ തകർത്തപ്പോൾ ഓസ്ട്രിയയെ പൊട്ടിച്ചാണ് തുർക്കിയുടെ വരവ്. ജൂലൈ ഒൻപതിനും പത്തിനുമാണ് സെമി പോരാട്ടങ്ങൾ. ഫൈനൽ ജൂലൈ പതിനാലിനും നടക്കും.