ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. അതോടൊപ്പം തുടരെ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ഇത്തവണ വെല്ലുവിളിയുയര്‍ത്തുന്ന ടീമുകള്‍ ഏതൊക്കെയാവുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. വമ്പന്മാരായ ലിവര്‍പൂള്‍, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ പെപ്പ് ഗാര്‍ഡിയോളയുടെ സിറ്റിയില്‍നിന്ന് കിരീടം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലാണ് .
കഴിഞ്ഞസീസണില്‍ മൂന്നാംസ്ഥാനക്കാരായിരുന്ന ലിവര്‍പൂള്‍ ജര്‍മന്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പിന് യത്രയയപ്പ് നല്‍കിയാണ് കളത്തിലിറങ്ങുന്നത്. ക്ലോപ്പിനുകീഴിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ലിവര്‍പൂള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും വീണ്ടെടുത്ത് പഴയ പ്രൗഡിയിലെത്തിയത് . ക്ലോപ്പിന് പകരക്കാരനാവാന്‍ ഡച്ചുകാരനായ ആര്‍നെ സ്ലോട്ടിന് കൂടുതൽ ശ്രദ്ധിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ .
മികച്ച തുടക്കംതന്നെയാണ് ഡച്ച് പരിശീലകന്‍ ടീമിന് നല്‍കിയിരിക്കുന്നത്. പ്രീസീസണ്‍ സന്നാഹമത്സരങ്ങളില്‍ ആഴ്സനല്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, സെവിയ ടീമുകളെ തോല്‍പ്പിക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു. ക്ലോപ്പിന് സമാനമായ ശൈലിയാണ് സ്ലോട്ടും പിന്തുടരുന്നത്.
എന്നാൽ, ഒരു പുതിയ താരത്തെപ്പോലും ടീമിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ടീമിന്റെ പോരായ്മ. കഴിഞ്ഞസീസണില്‍ 89 പോയിന്റ് നേടാനായെങ്കിലും സിറ്റിയില്‍നിന്ന് ആഴ്സനലിന് ലീഗ് തിരിച്ചുപിടിക്കാനായില്ല. രണ്ടുപോയിന്റ് വ്യത്യാസത്തിലാണ് മൈക്കല്‍ അര്‍ട്ടേറ്റയുടെ ടീമിന് കിരീടം നഷ്ടമായത്.
മികച്ച സ്ട്രൈക്കറുടെ അഭാവം നികത്താന്‍ ഗണ്ണേഴ്സിന് കഴിഞ്ഞിട്ടില്ല. എഫ്.എ. കപ്പ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് എറിക് ടെന്‍ ഹാഗിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കളത്തിലിറങ്ങുന്നത്. ലീഗില്‍ കഴിഞ്ഞസീസണില്‍ എട്ടാം സ്ഥാനത്തായിരുന്നെങ്കിലും എഫ്.എ. കപ്പ് നേട്ടമാണ് ഡച്ച് പരീശിലകന് കരാര്‍ നീട്ടിനല്‍കാന്‍ ക്ലബ്ബിനെ പ്രേരിപ്പിച്ചത്. ഇത്തവണ ലീഗില്‍ ഏറ്റവുമധികം താരങ്ങളെ സ്വന്തം കൂടാരത്തിലെത്തിച്ച ടീമാണ് യുണൈറ്റഡ്. ബയേണ്‍ ഡിഫന്റര്‍മാരായ മാത്തിജ്സ് ഡി ലൈറ്റും നൗസയര്‍ മസ്രോയിയും ചൊവ്വാഴ്ചയാണ് ടീമുമായി കരാറിലെത്തിയത് .