ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ജയത്തോടെ പട്ടികയില്‍ ടീം ഒന്നാമതെത്തി.
ചെല്‍സിക്കെതിരേ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചെമ്പട മുന്നിലെത്തിയത്. മുഹമ്മദ് സല ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളാസ് ജാക്‌സണിലൂടെ ചെല്‍സി തിരിച്ചടിച്ചു. എന്നാല്‍ 51-ാം മിനിറ്റില്‍ കര്‍ടിസ് ജോണ്‍സിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ കണ്ടെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയന്റുമായി ടീം സിറ്റിയെ മറികടന്ന് ഒന്നാമതെത്തി.
അതേസമയം മാഞ്ചെസ്റ്റർ സിറ്റി വോൾവ്‌സിനെ 2-1ന് തോൽപ്പിച്ചു. ജോസ്‌കോ ഗ്വാർഡിയോൾ (33), ജോൺ സ്‌റ്റോൺസ് (90+5) എന്നിവർ സിറ്റിക്കുവേണ്ടി ഗോൾ നേടി. ഏഴാംമിനിറ്റിൽ യോർഗൻ സ്ട്രാൻഡ് ലാർസന്റെ ഗോളിൽ വോൾവ്‌സ് മുന്നിലെത്തിയിരുന്നു.
ശനിയാഴ്ച ബേൺമത്തിനോട് തോറ്റ (2-0) ആഴ്സനൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. റയാൻ ക്രിസ്റ്റി (70), ജസ്റ്റൻ ക്ലൂവർട്ട് (79-പെനാൽട്ടി) എന്നിവർ ബേൺമത്തിനുവേണ്ടി സ്‌കോർ ചെയ്തു. ആഴ്‌സനലിന്റെ വില്യം സാലിബ 30-ാം മിനിറ്റിൽ ചുവപ്പുകാർഡുകണ്ട് പുറത്തായിരുന്നു. സിറ്റിക്ക് എട്ടുകളിയിൽ ആറു ജയം ഉൾപ്പെടെ 20 പോയിന്റായി. ആഴ്‌സനലിന് 17 പോയിന്റുണ്ട്.