ഇംഗ്ലണ്ട് കീഴടങ്ങി; പാകിസ്താന് ടെസ്റ്റ് പരമ്പര

മൂന്നാം ദിവസം പാകിസ്താന് മുന്നില്‍ 36 റണ്‍സിന്റെ മാത്രം വിജയലക്ഷ്യം മുന്നോട്ടുവെയ്ക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഷാന്‍ മസൂദിന്റെ സംഘം ലക്ഷ്യം മറികടന്നു

author-image
Prana
New Update
pakistan vs england

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി പാകിസ്താന്‍. ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് പാകിസ്താന്‍ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ദിവസം പാകിസ്താന് മുന്നില്‍ 36 റണ്‍സിന്റെ മാത്രം വിജയലക്ഷ്യം മുന്നോട്ടുവെയ്ക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഷാന്‍ മസൂദിന്റെ സംഘം ലക്ഷ്യം മറികടന്നു. 2021ന് ശേഷം ഇതാദ്യമായാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ക്യാപ്റ്റനായ ശേഷം ഷാന്‍ മസൂദ് ആദ്യമായി ടെസ്റ്റ് പരമ്പര വിജയവും നേടി.
നേരത്തെ മൂന്നിന് 24 എന്ന സ്‌കോറില്‍ നിന്നായിരുന്നു മൂന്നാം ദിവസം രാവിലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 112 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റര്‍മാരും പുറത്തായി. 33 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് 26 റണ്‍സും നേടി. സ്പിന്‍ കരുത്തിലാണ് രണ്ടാം ഇന്നിംഗ്‌സിലും പാകിസ്താന്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നോമാന്‍ അലി ആറും സാജിദ് ഖാന്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 36 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പാകിസ്താന്‍ 3.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. ആറ് പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്ത് പുറത്താകാതെ ഷാന്‍ മസൂദാണ് പാകിസ്താന്‍ വിജയം വേഗത്തിലാക്കിയത്. എട്ട് റണ്‍സെടുത്ത സയ്യീം ആയൂബ് പുറത്തായി. അഞ്ച് റണ്‍സെടുത്ത അബ്ദുള്ള ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 267 റണ്‍സെടുത്തു. 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. സാജിദ് ഖാന്‍ ആറും നോമാന്‍ അലി മൂന്നും സാഹിദ് മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്താന്‍ 344 റണ്‍സെടുത്തു. 144 റണ്‍സെടുത്ത സൗദ് ഷക്കീലിന്റെ പ്രകടനമാണ് പാകിസ്താന്‍ സംഘത്തിന് തുണയായത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ റെഹ്മാന്‍ അഹമദ് നാല് വിക്കറ്റുകളും ഷുഹൈബ് ബഷീര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

Pakistan vs england cricket test