കൊല്‍ക്കത്ത: ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ ഡ്യൂറന്റ് കപ്പ് മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം റദ്ദാക്കി. ഞായറാഴ്ച സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന കൊല്‍ക്കത്ത ഡെര്‍ബിയാണ് ശനിയാഴ്ച ഡ്യൂറന്റ് കപ്പ് സംഘാടകര്‍ റദ്ദാക്കിയതായി അറിയിച്ചത്. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ പി.ജി. ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള സംഘര്‍ഷം കണക്കിലെടുത്താണ് നീക്കം . സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
മത്സരം കാണാനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ പകരുന്നതാണ് തീരുമാനം. ടൂര്‍ണമെന്റിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് എ യില്‍ ആദ്യ മത്സരങ്ങളും ജയിച്ച് ആറുവീതം പോയിന്റുകളാണ് ഇരുടീമിനുമുള്ളത്. എന്നാല്‍ ഗോള്‍ നിലയുടെ അടിസ്ഥാനത്തില്‍ മോഹന്‍ ബഗാനാണ് മുന്നില്‍. ബഗാന്‍ ഏഴും ഈസ്റ്റ്ബംഗാള്‍ നാലും ഗോളുകള്‍ നേടിയിട്ടുണ്ട്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ടിക്കറ്റെടുത്തവർക്ക് പണം മടക്കി നൽകാനും തീരുമാനമായിട്ടുണ്ട്.