മുംബൈ: സെപ്റ്റംബർ ആദ്യം തുടങ്ങുന്ന ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യൻ സീനിയര്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും റിഷഭ് പന്തും കെ എല്‍ രാഹുലും ടീമുകളിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് നാലു ടീമിലും ഇടമില്ല. സ്പിന്നര്‍ ആര്‍ അശ്വിനെയും പരിക്കില്‍ നിന്ന് മുക്തനാകുന്ന പേസര്‍ മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ ബി ടീമിനെ അഭിമന്യു ഈശ്വരനും സി ടീമിനെ റുതുരാജ് ഗെയ്ക്‌വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച യുവതാരം റിയാന്‍ പരാഗ് ശുഭ്മാൻ ഗില്‍ നയിക്കുന്ന എ ടീമില്‍ ഇടം നേടി. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിക്കുള്ള ടീമിലിടം നേടി. സെപ്റ്റംബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ അനന്ത്പൂരിലും ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുമായാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് നടക്കുക.