ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി ടീമിനെതിരേ തകർപ്പൻ സെഞ്ച്വറി നേടി കൈയടി നേടിയിരിക്കുകയാണ് മലയാളി കൂടിയായ സഞ്ജു സാംസൺ. ഇന്ത്യ ഡി താരമായ സഞ്ജു ആറാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി 101 പന്തിൽ 106 റൺസാണ് നേടിയത്. 12 ഫോറും 3 സിക്‌സും ഉൾപ്പെടെ ക്ലാസിക് പ്രകടനത്തോടെയാണ് സഞ്ജു സെഞ്ച്വറി നേടിയത്.ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് മുന്നിലാണ് മലയാളി താരത്തിന്റെ കിടിലൻ ബാറ്റിങ് പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്.
ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെയും ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണിന്റെ നിലവിലെ പ്രകടനം സെലക്ടർമാരുടെ ശ്രദ്ധ നേടുമെന്നതിൽ സംശയം വേണ്ട.മോശം ഫോമിലായിരുന്ന സഞ്ജു നിർണ്ണായക സമയത്താണ് ഫോം വീണ്ടെടുത്ത് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. പല താരങ്ങളും സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സഞ്ജു സാംസണുമായി അടുത്ത സൗഹൃദമുള്ള താരമാണ് സൂര്യകുമാർ യാദവ്. ദുലീപ് ട്രോഫിയിൽ സൂര്യകുമാർ കളിക്കുന്ന ഇന്ത്യ ബി ടീമിനെതിരേയാണ് സഞ്ജു സെഞ്ച്വറി നേടിയത്.'സൂപ്പർ താരത്തിന്റെ സൂപ്പർ പ്രകടനം, ചേട്ടാ' എന്നാണ് സൂര്യകുമാർ എക്‌സിൽ കുറിച്ചത്.ഈ പോസ്റ്റ് സഞ്ജുവിന്റെ ആരാധകർ ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു.
സൂര്യകുമാർ ഇന്ത്യയുടെ ടി20 നായകനായതിനാൽത്തന്നെ സഞ്ജുവിനെ ടീമിലേക്ക് പിന്തുണക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിവേഗത്തിൽ റൺസുയർത്തിയ സഞ്ജു സ്പിന്നർമാർക്കെതിരേ കടന്നാക്രമിച്ച് കളിക്കുന്നു. നിലവിൽ സ്പിന്നർമാർക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് സഞ്ജു. അവസാന ശ്രീലങ്കൻ ടി20 പരമ്പരയിൽ രണ്ട് മത്സരത്തിൽ ഡെക്കായതിന്റെ ക്ഷീണം സഞ്ജു പരിഹരിക്കുന്ന പ്രകടനമാണ് ദുലീപ് ട്രോഫിയിൽ അദ്ദേഹം നടത്തിയത്.
അതെസമയം ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യരും സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തി. എത്ര മനോഹരമായാണ് അവൻ പന്ത് അടിക്കുന്നതെന്ന് നോക്കൂ. റെഡ്‌ബോളിൽ അൽപ്പം വിചിത്രമെന്ന് തോന്നിക്കാവുന്ന ശൈലിയിലുള്ള പ്രകടനമാണ് അവൻ നടത്തിയിരിക്കുന്നത്. സ്പിന്നർമാർക്കെതിരേ കരുതലോടെ കളിക്കാൻ സഞ്ജുവിനായി. അവന്റെ പ്രകടനം ഞാൻ ശ്രദ്ധയോടെ തന്നെ നോക്കുകയായിരുന്നു- എന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്.
ശ്രേയസ് അയ്യർ മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യ ബിക്കെതിരേ ഡെക്കിനാണ് ശ്രേയസ് പുറത്തായത്. രണ്ടാം മത്സരത്തിലും ശ്രേയസ് ഡെക്കിന് പുറത്തായിരുന്നു. സൂര്യകുമാർ യാദവ് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് കളിക്കാൻ ഇറങ്ങിയതെങ്കിലും അഞ്ച് റൺസെടുത്താണ് മടങ്ങിയത്. ശ്രേയസിന്റേയും സൂര്യയുടേയും മോശം പ്രകടനം കണ്ട പിച്ചിലാണ് സഞ്ജു തകർപ്പൻ പ്രകടനത്തോടെ കൈയടി നേടിയതെന്നതാണ് എടുത്തു പറയേണ്ടത്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിക്കാൻ സാധ്യത കൂടുതലാണ്. ന്യൂസീലൻഡ്, ഓസ്‌ട്രേലിയ പരമ്പരകൾ വരാനിരിക്കെ ഇന്ത്യ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകാനാണ് സാധ്യത. റിഷഭ് പന്തും ശുബ്മാൻ ഗില്ലുമൊന്നും ടി20 ടീമിൽ ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും ഇഷാൻ കിഷനുമെത്താനാണ് സാധ്യത. ഇവരിൽ ആർക്കാവും പ്ലേയിങ് 11 അവസരമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.