അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിനായി ഇപ്പോൾ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സിൽ കിടിലൻ സെഞ്ച്വറി (101 ബോളിൽ 106) കുറിച്ച സഞ്ജു രണ്ടാമിന്നിങ്‌സിൽ 45 റൺസും (49 ബോൾ) നേടിയിരുന്നു.
ഇതോടെയാണ് ടെസ്റ്റ് ടീമിലേക്കേു ഇനിയെങ്കിലും സഞ്ജുവിനെ പരിഗണിക്കണമെന്ന ആവശ്യവുമായി ആരാധകർ വീണ്ടും രംഗത്തെത്തിയത്. ദുലീപ് ട്രോഫിയുടെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മൽസരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ടൂർണമെന്റിലെ നിലവിലെ റൺവേട്ടക്കാരെയെടുത്താൽ അവരിൽ അഞ്ചാംസ്ഥാനം മാത്രമേ സഞ്ജു സാംസണിനുള്ളൂ. ഇന്ത്യ ഡി ടീമിനായി രണ്ടു മൽസരങ്ങളിലെ നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് വീശിയിട്ടുള്ളത്.
ഇവയിൽ നിന്നും 49 ശരാശരിയിൽ 97 സ്‌ട്രൈക്ക് റേറ്റോടെ 196 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ടൂർണമെന്റിലെ അവസാന ഇന്നിങ്‌സും കളിച്ചതിനാൽ അദ്ദേഹത്തിനു ഇനി ഇതു മെപ്പെടുത്താനും അവസരമില്ല. ഒരു സെഞ്ച്വറിയടക്കമാണ് 200നടുത്ത് റൺസ് സഞ്ജു സ്‌കോർ ചെയ്തിരിക്കുന്നത്.
ടൂർണമെന്റിലെ ആദ്യ കളിയിൽ അവസരം ലഭിക്കാതെ പോയ അദ്ദേഹം ഇന്ത്യ എയ്‌ക്കെതിരായ രണ്ടാംറൗണ്ടിലാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്. ആദ്യ ഇന്നിങ്‌സിൽ ആറു ബോളിൽ അഞ്ചു റൺസെടുത്ത് വിക്കറ്റ് വലിച്ചെറിഞ്ഞ സഞ്ജു രണ്ടാമിന്നിങ്‌സിൽ 45 ബോളിൽ 40 റൺസുമായി തിരിച്ചുവന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന മൂന്നാം റൗണ്ടിലാണ് അദ്ദേഹം ഏറ്റവും മിന്നിച്ചത്.
ആദ്യ ഇന്നിങ്‌സിൽ 101 ബോളിൽ 12 ഫോറും മൂന്നു സിക്‌സറുകളുമടക്കം 106 റൺസുമായി ടീമിന്റെ ടോപ്‌സ്‌കോററായി സഞ്ജു മാറുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും അദ്ദേഹം മോശമാക്കിയില്ല. 53 ബോളിൽ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 45 റൺസ് നേടി തന്റെ സാന്നിധ്യമറിയിച്ചാണ് മലയാളി താരം ക്രീസ് വിട്ടത്.