പോര്‍ച്ചുഗലിന് സമനില; സ്‌പെയിന്‍ കുതിക്കുന്നു

യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ സ്‌പെയിന്‍ ജയിച്ചുകയറിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ വിജയക്കുതിപ്പിന് സ്‌കോട്ട്‌ലാന്‍ഡ് വിരാമമിട്ടു.

author-image
Prana
New Update
cristiano

യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ സ്‌പെയിന്‍ ജയിച്ചുകയറിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ വിജയക്കുതിപ്പിന് സ്‌കോട്ട്‌ലാന്‍ഡ് വിരാമമിട്ടു. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ സ്‌കോട്ട്‌ലാന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞുകളിച്ചെങ്കിലും പോര്‍ച്ചുഗലിനെ വിജയത്തിലെത്തിക്കാനായില്ല. ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന്‍ സെര്‍ബിയയെ 3-0നു കീഴടക്കി. പോളണ്ടും ക്രൊയേഷ്യയും തമ്മിലുള്ള വാശിയേറിയ പോരാട്ടം 3-3 സമനിലയില്‍ അവസാനിച്ചു. നേരത്തെ കരുത്തന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മനി 1-0ന് നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയിരുന്നു. 
സ്വന്തം തട്ടകമായ ഹാംപഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ മികച്ച മുന്നേറ്റങ്ങളും കാണാന്‍ കഴിഞ്ഞു. ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയുടെ സേവുകളാണ് പലപ്പോഴും പറങ്കിപ്പടയുടെ രക്ഷയ്‌ക്കെത്തിയത്. റൊണാള്‍ഡോയുടെ ചില ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയതും പോര്‍ച്ചുഗലിന് തിരിച്ചടിയായി. ഇരുപകുതികളിലും വിജയഗോള്‍ കണ്ടെത്താനാവാതിരുന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ച് പിരിഞ്ഞു.
നേഷന്‍സ് ലീഗ് ഗ്രൂപ്പ് വണ്ണില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോര്‍ച്ചുഗല്‍. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റുകളാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും സമ്പാദ്യം. ഒരു വിജയം പോലുമില്ലാത്ത സ്‌കോട്‌ലാന്‍ഡ് അവസാന സ്ഥാനക്കാരാണ്.

football portugal nations league spain