അര്‍ജന്റീനയ്ക്ക് സമനില; ഒന്നാംസ്ഥാനത്തുതന്നെ

മഴ കാരണം അര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നത് മത്സരത്തിന്റെ ഒഴുക്കിനെയും സാരമായി തന്നെ ബാധിച്ചു.....

author-image
Prana
New Update
argentina 1

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലയുടെ തട്ടകമായ മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. അര്‍ജന്റീനയ്ക്ക് വേണ്ടി നിക്കോളാസ് ഓട്ടമെന്‍ഡി ഗോളടിച്ചപ്പോള്‍ സലോമന്‍ റോണ്ടനിലൂടെ വെനസ്വേല മറുപടി പറഞ്ഞു.
മഴ കാരണം അര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നത് മത്സരത്തിന്റെ ഒഴുക്കിനെയും സാരമായി തന്നെ ബാധിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്ക് മാറി തിരിച്ചെത്തി അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് പകരം വല കാത്ത ഗെറോണിമോ റുല്ലി മികച്ച പ്രകടനം പുറത്തെടുത്തു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ റുല്ലിയുടെ കൈകളില്‍ ചെന്ന് അവസാനിച്ചിരുന്നു.
മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം തന്നെ ലീഡെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 13ാം മിനിറ്റില്‍ നിക്കോളാസ് ഒറ്റമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മധ്യനിര താരം സെല്‍സോയെ വെനസ്വേലയുടെ ഹെരേര ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്കെടുത്ത മെസ്സി ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്ത് തട്ടിയകറ്റാനുള്ള വെനസ്വേലന്‍ ഗോള്‍കീപ്പര്‍ റഫേല് റോമോയുടെ ശ്രമം പിഴച്ചു. പന്ത് ലഭിച്ച ഒറ്റമെന്‍ഡി ഓപ്പണ്‍ പോസ്റ്റിലേക്ക് തട്ടിയിട്ടു.
രണ്ടാം പകുതിയില്‍ വെനസ്വേലയുടെ നിരവധി ആക്രമണങ്ങള്‍ക്ക് മോനുമെന്റല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ റുല്ലിയുടെ ഇടപെടലുകള്‍ ഇതെല്ലാം ഗോളാകാതെ തടഞ്ഞു. 65ാം മിനിറ്റില്‍ വെനസ്വേല ഒപ്പമെത്തി. യെഫേഴ്‌സന്‍ സേറ്റല്‍ഡോയുടെ പാസില്‍ റോണ്ടന്‍ സ്‌കോര്‍ ചെയ്തു. വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
സമനില വഴങ്ങിയെങ്കിലും 10 ടീമുകള്‍ മത്സരിക്കുന്ന ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ പോയിന്റ് ടേബിളില്‍ അര്‍ജന്റീന ഒന്നാമത് തന്നെ തുടരുകയാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 19 പോയിന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നുതന്നെ 11 പോയിന്റുമായി ഏഴാമതാണ് വെനസ്വേല.
രണ്ടാമതുള്ള കൊളംബിയ ലാപാസില്‍ െബാളീവിയയോട് ഒരു ഗോളിനു തോറ്റു. ഇക്വഡോറും പരാഗ്വേയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

argentina fifa world cup qualifiers venezuela