ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ മെൻററായി ചുമതലയേറ്റ് ഡി.ജെ ബ്രാവോ.കെ.കെ.ആർ തന്നെ ബ്രാവോയുടെ കൂടുമാറ്റം ഔദ്യോഗകമായി അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റിൻറെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതിന് ശേഷമാണ് പുതിയ സ്ഥാനവുമായി കൊൽക്കത്തിയിലേക്ക് കുടിയേറുന്നത്. നിലവിലെ ചാമ്പ്യൻമാരായ കെ.കെ. ആറിൻറെ മെൻററായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ ടീമിൻറെ കോച്ചായി ചുമതലയേറ്റതിന് പിന്നാലെ കെ.കെ.ആർ പുതിയ മെൻററെ തേടുകയായിരുന്നു. ഐ.പി.എല്ലിലെ തൻറെ മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്സിൻറെ ബൗളിങ് കോച്ചായിരുന്നു ബ്രാവോ.
ടി-20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഈ വെസ്റ്റ് ഇൻഡീസ് ഇന്റർനാഷണൽ. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടി ബ്രാവോ കളിച്ചിട്ടുണ്ട്. 2022ൽ ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം പിന്നീട് സി.എസ്.കയെുടെ ബൗളിങ് കോച്ചിൻറെ പദവി അലങ്കരിച്ചിരുന്നു.
ഈ വർഷം അരങ്ങേറിയ ട്വന്റി-20 ലോകകപ്പിൽ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ഒരു ഐ.സി.സി ടൂർണമെൻറ് സെമിഫൈനലിലെത്തിയപ്പോൾ ടീമിൻറെ കോച്ചിങ് സ്റ്റാഫായി അദ്ദേഹം ജോലി ചെയ്തിരുന്നു. ട്വൻറി-20 ഇതിഹാസത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് കെ.കെ.ആർ ആരാധകർ.
582 ടി-20 മത്സരത്തിൽ കളിച്ച ബ്രാവോ 20 അർധസെഞ്ച്വറിയുൾപ്പടെ 6970 റൺസും അതൊടൊപ്പം ബോൾ കൊണ്ട് 631 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.