ഐപിഎല്‍ 17-ാം സീസണ്‍ വരെ ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു ദിനേശ് കാര്‍ത്തിക്. ഐപിഎല്ലിന് ശേഷം താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററുമായി നിയമിച്ചിരിക്കുകയാണ്. 2022 മോഗാ ലേലത്തിലാണ് ദിനേശ് ആര്‍സിബിയില്‍ എത്തുന്നത്. അതിന് മുന്‍പ് 2015ല്‍ താരം ആര്‍സിബിയുടെ ഭാഗമായിരുന്നു. 2024 ഐപിഎല്‍ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നായി 187.35 സ്ട്രൈക്ക് റേറ്റില്‍ 326 റണ്‍സായിരുന്നു കാര്‍ത്തിക്കിന്റെ സമ്പാദ്യം.
ടൂര്‍ണമെന്റില്‍ മൊത്തത്തില്‍ ആര്‍സിബിക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ച കാര്‍ത്തിക് 24.65 ശരാശരിയിലും 162.95 സ്‌ട്രൈക്ക് റേറ്റിലും 937 റണ്‍സ് നേടി. നിലവില്‍ വിരാട് കോലിക്ക് പിന്നില്‍, ഐപിഎലില്‍ ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി എന്നീ ആറ് ഐപിഎല്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്.