ന്യൂഡൽഹി: ഡൽഹിക്ക് രാജസ്ഥാനെതിരെ 20 റണ്‍സിന്റെ മിന്നും ജയം. സിക്സറുകളും ഫോറുകളുമായി തകർത്താടിയ ക്യാപ്റ്റൻ സഞ്ജു മനോഹരമായ ഇന്നിങ്സ് കാഴ്ചവച്ചെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. ഇതോടെ 11 മത്സരങ്ങളിൽനിന്ന് 16 പോയന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാമതായി തുടരും.12 മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി. 46 പന്തിൽ ആറു സിക്സറുകളും എട്ടു ഫോറുകളുമായി 86 റൺസെടുത്ത സഞ്ജു സാംസൺ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ഡൽഹി ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യശസ്വി ജയ്‍സ്വാളി (2 പന്തിൽ 4)നെ നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ സഞ്ജുവിനെ കൂട്ടിപിടിച്ച് ജോസ് ബട്‍ലർ സ്കോർ ഉയർത്തി. സ്കോർ 67ൽ നിൽക്കെ അക്സർ പട്ടേൽ ബട്‍ലറെ( 17 പന്തിൽ 19) പുറത്താക്കി. ക്രീസിലെത്തിയ റിയാൻ പരാഗിനൊപ്പം കളിയുടെ നിയന്ത്രണം സഞ്ജു ഏറ്റെടുത്തു. സഞ്ജു കളം നിറഞ്ഞപ്പോൾ പരാഗും (22 പന്തിൽ 27) പിന്നാലെ എത്തിയ ശുഭം ദുബെയും മികച്ച പിന്തുണ നൽകി. സ്കോർ 162ൽ നിൽക്കെ മുകേഷ് കുമാർ എറിഞ്ഞ പന്ത് ഉയർത്തി അടിക്കാൻ ശ്രമിച്ചത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ ഹോപ്പിന്റെ കൈകളിൽ കുടുങ്ങിയതോടെ രാജസ്ഥാന്റെ പോരാട്ടാ വീര്യം കുറഞ്ഞു.
റോവ്മൻ പവലുമായി ചേർന്ന് പോരാട്ടം തുടരാൻ ദുബെ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടില്ല. സ്കോർ 180ൽ നിൽക്കെ ഖലീൽ അഹ്മദിന്റെ പന്ത് സ്റ്റബ്സ് പിടിച്ച് ദുബെ(12 പന്തിൽ 25) കൂടാരം കയറി. പിന്നാലെ എത്തിയ ഡോനോവൻ ഫെറൈറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഒറ്റയക്കത്തിൽ പുറത്തായതോടെ രാജസ്ഥാൻ പരാജയത്തിൽ എത്തിയിരുന്നു.പത്തൊൻപതാം ഓവറിലെ രണ്ടാം പന്തിൽ റോവൻ പവലിനെ മുകേഷ് കുമാർ പുറത്താക്കിയതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു. ട്രെന്റ് ബോൾട്ടിനും ആവേശ് ഖാനും അവസാന ഓവറിൽ അധികമൊന്നും ചെയ്യാനില്ലാതെ വന്നപ്പോൾ രാജസ്ഥാന്റെ ഇന്നിങ്സ് രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ 201ൽ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ജേക് ഫ്രെയ്സറും (20 പന്തിൽ 50) അഭിഷേക് പൊറേലും(36 പന്തിൽ 65) നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസാണ് അടിച്ചെടുത്തത്. കൂട്ടുകെട്ട് തകർത്ത് അശ്വിൻ നാലാം ഓവറിൽ വറിൽ രാജസ്ഥാന് ആദ്യ ബ്രേക്ക് നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഷായ് ഹോപ്പിനെ തൊട്ടടുത്ത ഓവറിൽ സന്ദീപ് ശർമ റണ്ണൗട്ട് ആക്കി.