നിലവിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ഒഴിവാക്കി ഐപിഎല്‍ 2025 റീടെന്‍ഷന്‍ ലിസ്റ്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍ എന്നിവരെയാണ് ഡല്‍ഹി റീട്ടെയ്ന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
റിഷഭ് പന്ത് ഈ സീസണില്‍ ഡല്‍ഹിയില്‍ നിന്ന് മാറുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിഷഭ് ചെന്നൈയിലേക്ക് മാറുമെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞതോടെ കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് ടീമിനെ നയിച്ചത്. എന്നാല്‍ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. റിഷഭ് വരുന്നതോടെ ധോണിയുടെ പകരക്കാരനാവാന്‍ കഴിയുമെന്ന ഗുണവുമുണ്ട്. ഒപ്പം ക്യാപ്റ്റന്‍സിയും അദ്ദേഹത്തില്‍ ഭദ്രമാണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അതുപോലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിഷഭ് പന്ത് തന്നെ രംഗത്ത് വന്നിരുന്നു.
സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഒരു പോസ്റ്റില്‍ റിഷഭ് പന്ത് റോയല്‍ ചലഞ്ചേഴ്‌സിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ വിരാട് കോഹ്‌ലി ഇത് തടഞ്ഞുവെന്നുമായിരുന്നു പ്രചാരണം. ഈ പോസ്റ്റിന് താഴെയാണ് റിഷഭ് പന്ത് കമന്റുമായി എത്തിയത്. 'വ്യാജ വാര്‍ത്തയാണിത്. എന്തിനാണ് നിങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്-അന്ന് പന്ത് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കഴിഞ്ഞ സീസണില്‍ റിഷഭിന്റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹിക്ക് പ്ലേയി ഓഫിലെത്താന്‍ കഴിഞ്ഞിരുന്നില്ല. റിഷഭിന്റെ പരിക്കിനു ശേഷമുള്ള തിരിച്ചുവരവില്‍ റിഷഭ് നന്നായി ബാറ്റ് ചെയ്‌തെങ്കിലും ടീമിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. 14 പോയിന്റുമായി ആറാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. 2020 നു ശേഷം അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞിരുന്നില്ല. റിഷഭ് കഴിഞ്ഞ സീസണില്‍ 446 റണ്‍സാണ് അടിച്ചെടുത്തത്.
അടുത്ത സീസണില്‍ റിഷഭിനു പകരം മുന്‍നായകനും കെകെആറിനു കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഡല്‍ഹി തിരിച്ചുകൊണ്ടുവരുമെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.
റിഷഭ് പന്തിനെ റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍ എന്നിവരെയാണ് ഡല്‍ഹി റീട്ടെയ്ന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
New Update