ലക്നൗ: ലക്നൗവിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് ഡൽഹി ഐ പി എൽ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ലക്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും ഇതോടെ വീണു .
ഇതിനു മുൻപ് ഐപിഎലിൽ ആദ്യം ബാറ്റ് ചെയ്ത് 160ന് മുകളിൽ സ്കോർ കണ്ടെത്തിയ 12 മത്സരങ്ങളിൽ പോലും എൽഎസ്‌ജി പരാജയം അറിഞ്ഞിരുന്നില്ല. രണ്ടാം ജയത്തോടെ നാലു പോയ്ന്റുമായി ഡൽഹി പോയിൻറ് പട്ടികയിൽ ഒൻപതാമതായി. ഒരേ ഒരു ജയം മാത്രമുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്ഗർക്ക് (35 പന്തിൽ 55), ക്യാപ്റ്റൻ ഋഷഭ് പന്ത് (24 പന്തിൽ 41), പൃഥ്വി ഷാ (22 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ഡൽഹിക്ക് വിജയക്കൊടി സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിലെ നാലാം ഓവറിൽ ഓപ്പണർ ഡേവിഡ് വാർണറിനെ (9 പന്തിൽ 8) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – ജേക്ക് ഫ്രേസർ-മക്ഗർക്ക് കൂട്ടുകെട്ട് ഡൽഹി ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 39 റൺസ് അടിച്ചെടുത്തു . ഏഴാം ഓവറിൽ ഷാ മടങ്ങിയ ശേഷം, പന്ത് ക്രീസിലെത്തിയതോടെയാണ് ഡൽഹി സ്കോർബോർഡ് ഉയരാൻ തുടങ്ങിയത്.
തുടക്കത്തിൽ അടിച്ചു നിന്ന പന്ത്, 11–ാം ഓവറിൽ രവി ബിഷ്ണോയ്‌ക്കെതിരെ അടുത്തടുത്ത പന്തുകളിൽ സിക്റും ഫോറും അടിച്ച് ഗതി മാറ്റി. ഇതോടെ ജേക്ക് ഫ്രേസറും ട്രാക്കിലായി. 13–ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സിക്സാണ് ജേക്ക് നേടിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് നേടി. 15–ാം ഓവറിൽ ജേക്കിനെ പുറത്താക്കി നവീൻ ഉൽ–ഹഖാണ് സഖ്യം പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ഋഷഭ് പന്തിനെ രവി ബിഷ്ണോയിയും മടക്കി. ഇതിനുശേഷം ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് (9 പന്തിൽ 15*), ഷായ് ഹോപ് (10 പന്തിൽ 11*) എന്നിവർ ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിക്കുകയായിരുന്നു.