ബെംഗളൂരു: ഐപിഎല്‍ ആരാധകര്‍ ഏവരും കണ്ണുംനട്ട് കാത്തിരിക്കുന്ന മത്സരമാണ് ആര്‍സിബി-സിഎസ്‌കെ പോരാട്ടം. ഇന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരില്‍ പ്ലേ ഓഫിലെ നാലാമനാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും നേര്‍ക്കുനേര്‍. പ്ലെ ഓഫ് എന്നതിനപ്പുറം ക്രിക്കറ്റിലെ മിന്നും താരങ്ങളായ ധോണിയും വിരാടും ഇറങ്ങുന്ന മത്സരമാണെന്ന ആവേശമാണ് പോരാട്ടത്തിന് ചൂട് പിടിപ്പിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്റൈസേഴ്സ് ഹൈദരാബാദ് എന്നീ മൂന്ന് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇന്ന് നടക്കുന്ന ബെംഗളൂരു-ചെന്നൈ മത്സരത്തിലെ വിജയികളാകും നാലാമതായി പ്ലേ ഓഫിലേക്ക് കയറിക്കൂടുക. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റും +0.528 നെറ്റ് റണ്‍റേറ്റുമായി നാലാമതാണ് ചെന്നൈ. അത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഏഴാമതുള്ള ബെംഗളൂരുവിന് +0.387 ആണ് നെറ്റ് റണ്‍റേറ്റ്.
Players Ready: Game Starts 🔜🎮
— Chennai Super Kings (@ChennaiIPL) May 18, 2024
Let the whistles begin, Superfans! 🥳#RCBvCSK #WhistlePodu 🦁💛 pic.twitter.com/cGZeJJOJbr
ഇന്നത്തെ കളിയില്‍ മഴ അതിഥിയായി എത്തിയാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും നിലവില്‍ 14 പോയിന്റുള്ള ചെന്നൈ 15 പോയിന്റുമായി പ്ലെ ഓഫിലേക്ക് മുന്നേറും. അതുകൊണ്ട് തന്നെ വിജയത്തിനും റണ്‍റേറ്റിനുമൊപ്പം മഴയുടെ സ്ഥിതി കൂടി നോക്കിയായിരിക്കും ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രവേശനം.
അതേസമയം, നിലവില്‍ ബെംഗളൂരുവിനെക്കാള്‍ പോയിന്റ് കൂടിതല്‍ ചെന്നൈയ്ക്ക് ആയതിനാല്‍ ചെന്നൈക്ക് ഇന്നത്തെ നിര്‍ണായക പോരാട്ടം കുറച്ചുകൂടി അനുകൂലമാണ്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഓഫ് കയറണമെങ്കില്‍ ബെംഗളൂരുവിന് വലിയ മാര്‍ജിനില്‍ സ്‌കോര്‍ ചെയ്യേണ്ടിവരും. ആദ്യം ബാറ്റ് ചെയ്താല്‍ 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടന്ന് ആര്‍സിബിയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയൂ. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം.