റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിൽ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ.സൗദിയിലെ അബഹയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ അൽ തആവുനെ എതിരില്ലാത്ത രണ്ടു ഗോളിന് അൽ നസർ വീഴ്ത്തിയാണ് അൽ നസർ ഫൈനലിൽ പ്രവേശിച്ചത്.
പോർചുഗീസ് താരം ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുയും ചെയ്തതാണ് ഫൈനൽ പ്രവേശനത്തിനായി വാതിൽ തുറന്നത്. ശനിയാഴ്ച രാത്രി 7.15ന് നടക്കുന്ന ഫൈനലിൽ അൽ ഹിലാലാണ് അൽ നസറിന്റെ എതിരാളികൾ. യൂറോ കപ്പിൽ നിരാശപ്പെടുത്തിയെങ്കിലും സൗദിയിൽ ക്രിസ്റ്റ്യാനോക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായി. മത്സരത്തിൻറെ 57ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ വലകുലുക്കിയത്. എട്ടാം മിനിറ്റിൽ ഐമൻ യഹ്‌യയാണ് ടീമിൻറെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ മാഴ്സലോ ബ്രൊസോവിച് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് അൽ നസറിന് തിരിച്ചടിയായി.
ക്രൊയേഷ്യൻ ടീമിൽനിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബ്രൊസോവിച്ചിന് ഫൈനൽ നഷ്ടമാകും. മൂന്നാം സൂപ്പർ കപ്പ് കിരീടമാണ് അൽ നസർ ലക്ഷ്യമിടുന്നത്. റെക്കോഡ് തുകക്ക് സൂപ്പർതാരത്തെ ക്ലബിലെത്തിച്ചിട്ടും പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ലെന്ന നിരാശ ഇത്തവണ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2020ലാണ് അവസാനമായി സൂപ്പർ കപ്പിൽ അൽ നസർ മുത്തമിട്ടത്. മത്സരത്തിൻറെ തുടക്കം മുതൽ ക്രിസ്റ്റ്യാനോ ടീമിനായി അധ്വാനിച്ചുകളിക്കുന്നതാണ് കണ്ടത്. എട്ടാം മിനിറ്റിൽ താരത്തിൻറെ അസിസ്റ്റിലൂടെ ഐമൻ യഹ്‌യ ടീമിനെ മുന്നിലെത്തിച്ചു.
സുൽത്താൻ അൽഗാനത്തിൻറെ അസിസ്റ്റിൽനിന്നാണ് ക്രിസ്റ്റ്യാനോ ടീമിൻറെ രണ്ടാം ഗോൾ നേടുന്നത്. 2019ലും 2020ലും അൽ നസർ സൗദി സൂപ്പർ കപ്പ് നേടിയിട്ടുണ്ട്. യൂറോ കപ്പിനുശേഷം വിശ്രമത്തിലായിരുന്ന താരത്തിന്അൽ നസറിൻറെ പ്രീ സീസൺ മത്സരങ്ങൾ നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ ക്ലബിനായി 45 മത്സരങ്ങളിൽനിന്ന് 44 ഗോളുകൾ നേടിയിട്ടുണ്ട്. 13 അസിസ്റ്റുകളും താരത്തിൻറെ പേരിലുണ്ട്.