യുറുഗ്വായെ എതിരില്ലാത്ത് ഒരു ഗോളിന് തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ.നോർത്ത് കരോളിന ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39-ാം മിനിറ്റിൽ ജെഫേഴ്സൺ ലെർമ നേടിയ ഗോളാണ് 23 വർഷത്തിനു ശേഷം കൊളംബിയയ്ക്ക് ഫൈനൽ പ്രവേശത്തിന് വഴിതുറന്നത്. ഇതോടെ ഫൈനലിൽ അർജന്റീന- കൊളംബിയ മത്സരത്തിന് കളമൊരുങ്ങുകയാണ്.
ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ജെഫേഴ്‌സൺ വിജയഗോൾ നേടിയത്. വിംഗിലൂടെ ലഭിച്ച പന്ത് റോഡ്രിഗസ് പെനാൽറ്റി ബോക്സിലേക്ക് നൽകുകയും ജെഫേഴ്‌സൺ ഹെഡറിലൂടെ ലക്ഷ്യം കാണുകയുമായിരുന്നു. ഇതോടെ ഒരു കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമെന്ന റെക്കോഡും റോഡ്രിഗസിന് സ്വന്തമായി. 2021-ലെ ടൂർണമെന്റിൽ മെസി നേടി 5 അസിസ്റ്റുകളെന്ന നേട്ടമാണ് റോഡ്രിഗസ് മറികടന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. ആദ്യപകുതിയിലേത് പോലെയുള്ള ആക്രമണങ്ങളും മുന്നേറ്റങ്ങളും രണ്ടാം പകുതിയിൽ കൊളംബിയയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ആദ്യ പകുതിയുടെ അധികസമയത്ത് ഡാനിയൽ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായതാണ് കൊളംബിയയ്‌ക്ക് തിരിച്ചടിയായത്.
യുറുഗ്വായ് താരം ഉഗാർട്ടയുടെ നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞക്കാർഡ് നൽകിയത്. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറുഗ്വായ് താരത്തെ ഫൗൾ ടാക്കിൾ ചെയ്തതിനും നേരത്തെ താരത്തിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. രണ്ടാം പകുതിയിൽ യുറുഗ്വായുടെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. 66-ാം മിനിറ്റിൽ ലൂയിസ് സുവാരസ് പകരക്കാരനായി എത്തിയതോടെ യുറുഗ്വായ് ഉണർന്നു കളിച്ചു.താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒ്ന്നും ലക്ഷ്യം കണ്ടില്ല.
കോപ്പ അമേരിക്കയിൽ മൂന്നാം ഫൈനലിനാണ് കൊളംബിയ ഇറങ്ങുന്നത്. ഇതിന് മുമ്പ് 1975, 2001 എന്നീ വർഷങ്ങളിലാണ് ടീം ഫൈനലിന് യോഗ്യത നേടിയത്. 1975-ൽ റണ്ണേഴ്‌സപ്പായ കൊളംബിയ 2001-ൽ കന്നിക്കിരീടം നേടി. പിന്നീട് നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്.