സി.കെ നായുഡു ട്രോഫി ക്രിക്കറ്റില്‍ ചണ്ഡീഗഡിനെതിരെ കേരളത്തിന് പരാജയം. ഏഴ് വിക്കറ്റിനാണ് കേരളത്തിന്റെ തോല്‍വി. 123 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
28 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 150 റണ്‍സില്‍ അവസാനിച്ചു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ചണ്ഡീഗഡ് 412 റണ്‍സ് അടിച്ചെടുത്തിരുന്നു. കേരളം കണ്ടെത്തിയത് 384 റണ്‍സാണ്.
196 പന്തില്‍ 165 റണ്‍സ് അടിച്ചെടുത്ത ഷോണ്‍ റോജറുടെ ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ തുണച്ചത്. 74 റണ്‍സോടെ ആസിഫ് അലിയും 41 റണ്‍സുമായി അഭിഷേക് ജെ നായരും ഷോണിന് പിന്തുണ നല്‍കി. ഏഴു വിക്കറ്റുമായി ഇവ്‌റാജ് രനൗട്ട ചണ്ഡീഗഡിനായി മികച്ച ബൗളിങ് പുറത്തെടുത്തു.
ഓപ്പണര്‍മാരായ ദേവാംഗ് കൗശിക്, അര്‍നവ് ബന്‍സാല്‍ എന്നിവര്‍ മികച്ച തുടക്കമാണ് ഒന്നാം ഇന്നിങ്‌സില്‍ ചണ്ഡീഗഡിന് നല്‍കിയത്. 99 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത അക്ഷിത് റാണയും 68 റണ്‍സെടുത്ത നിഖിലും ഇവര്‍ക്കൊപ്പം തിളങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിരണ്‍ സാഗറാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റും ഷോണ്‍ റോജറും അനുരാജും ആസിഫ് അലിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
28 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ കേരളം തകരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 47 റണ്‍സെടുത്ത റിയ ബഷീറിനൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷിതിന്റേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇവ്‌റാജ് റനൗട്ടയുടേയും ബൗളിങ്ങിന് മുന്നില്‍ കേരളം 150 റണ്‍സിന് കൂടാരം കയറി.
രണ്ടാം ഇന്നിങ്‌സില്‍ ചണ്ഡീഗഡിനായി പരസ് 55 റണ്‍സോടെയും നിഖില്‍ 31 റണ്‍സോടെയും പുറത്താകാതെ നിന്നു. ദേവാംഗ് കൗശിക് 33 റണ്‍സ് കണ്ടെത്തി. കേരളത്തിനായി ഷോണ്‍ റോജര്‍ രണ്ടും കിരണ്‍ സാഗര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.