ബംഗ്ലാദേശിനെതിരായ ആദ്യടെസ്റ്റിന്റെ മൂന്നാംദിനം പിന്നിട്ടപ്പോള്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. 515 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് മൂന്നാംദിനം വെളിച്ചക്കുറവ് മൂലം നേരത്തേ സ്റ്റമ്പെടുക്കുമ്പോള്‍ 37.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റും രണ്ട് ദിവസങ്ങളും ശേഷിക്കേ, ബംഗ്ലാദേശിന് ഇനി ജയിക്കാന്‍ 357 റണ്‍സ് വേണം.
അര്‍ധ സെഞ്ചുറിയോടെ (60 പന്തില്‍ 51) ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും (5) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്‌ലാം (35), മൊമീനും ഹഖ്, മുഷ്ഫിഖുര്‍റഹീം (ഇരുവരും 13) എന്നിവരാണ് പുറത്തായത്. രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റുകള്‍. ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്.
നേരത്തേ 287ന് നാല് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബംഗ്ലാദേശ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ 200 കടത്തി. നാലാംവിക്കറ്റില്‍ ഇരുവരും 166 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവര്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയിരുന്നത്.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയര്‍ത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.