2025ല്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. പാകിസ്താന്‍ വേദിയൊരുക്കുന്ന ക്രിക്കറ്റ് മേളയില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ ദുബായിയിലേക്ക് മാറ്റുവാന്‍ ബിസിസിഐ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാപ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി ടീമിന്റെ മത്സരങ്ങള്‍ ദുബൈയിലേക്ക് മാറ്റുവാനുള്ള ആഗ്രഹം ബിസിസിഐ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.
'ഞങ്ങളുടെ തീരുമാനം ഇതാണ്, അത് മാറ്റുവാന്‍ തക്ക കാരണമൊന്നുമില്ല. മത്സരങ്ങള്‍ ദുബൈയിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് പാക്‌സിതാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്', ബിസിസിഐ വൃത്തം അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന ഏകദിന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി.
സര്‍ക്കാരുമായുള്ള കൂടിയാലോചനയില്‍ ബിസിസിഐ നേരത്തെ തന്നെ പാകിസ്താനിലേക്ക് വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്താന്റെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ മുഹമ്മദ് ഇഷാഖ് ദാറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും എന്ന പ്രതീക്ഷ നല്‍കിയതിന് ശേഷമാണ് ബിസിസിഐയുടെ ഈ തീരുമാനം. മുന്‍ പാകിസ്താന്‍ താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സങ്ങള്‍ അരങ്ങേറുക. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഏഷ്യാ കപ്പ് ട്രോഫിയില്‍ പാകിസ്താന്‍ വേദിയൊരുക്കിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2008 ഏഷ്യാ കപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് അവസാനമായി ക്രിക്കറ്റ് കളിക്കാന്‍ പോയത്.
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താനിലേക്കില്ല; വേദി മാറ്റണമെന്ന് ബിസിസിഐ
സുരക്ഷാപ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി ടീമിന്റെ മത്സരങ്ങള്‍ ദുബൈയിലേക്ക് മാറ്റുവാനുള്ള ആഗ്രഹം ബിസിസിഐ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.
New Update