മുംബൈ : 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ അറിയിച്ചുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി).
ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇമെയില്‍ ലഭിച്ചതായും വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശവും തേടാന്‍ പാകിസ്താന്‍ ഭരണകൂടത്തെ സമീപിച്ചതായും പിസിബി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ പ്രതികരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി രംഗത്തെത്തുകയായിരുന്നു. രേഖാമൂലം അറിയിപ്പ് ലഭിച്ച ശേഷം പാകിസ്താന്റെ നിലപാട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈബ്രിഡ് മോഡല്‍ മത്സരത്തിന് പാകിസ്താന് താത്പര്യമില്ലെന്ന് നഖ്വി വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് പാകിസ്താന്‍ യാത്ര ഒഴിവാക്കാനുള്ള കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പും ഇക്കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിസിസിഐ ഒരു കാരണവശാലും ഇന്ത്യയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന നിലപാടിലാണ്.