പ്രക്ഷോഭത്തിനിടെ തൈയല്‍ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ഷാക്കിബുല്‍ ഹസനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തൈയല്‍ തൊഴിലാളി മുഹമ്മദ് റുബലിനെ കൊലപ്പെടുത്തിയ കേസില്‍ ഷാക്കിബുല്‍ ഉള്‍പ്പെടെ 147ഓളം പേര്‍ക്കെതിരെയാണ് കേസ്.
എഫ്.ഐ.ആറില്‍ 28ാം പ്രതിയാണ് ബംഗ്ലാദേശ് മുന്‍ നായകന്‍ കൂടിയായ ഷാക്കിബ്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. റുബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാം നല്‍കിയ പരാതിയിലാണ് നടപടി. ആഗസ്റ്റ് അഞ്ചിന് ധാക്കയില്‍ റാലിക്കിടെ നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് റുബല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ പ്രക്ഷോഭം നടക്കുന്ന സമയത്ത് ഷാക്കിബ് രാജ്യത്തുണ്ടായിരുന്നില്ല. ഗ്ലോബല്‍ ട്വന്റി20 കാനഡ ലീഗില്‍ കളിക്കാനായി താരം കാനഡയിലായിരുന്നു.
വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അവാമി ലീഗ് പാര്‍ട്ടി അനുകൂലികളായ ഏതാനും പേര്‍ വെടിയുതിര്‍ത്തത്. ജൂലൈ 16നും ആഗസ്റ്റ് നാലിനും ഇടയിലായി ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭത്തില്‍ 400ലധികം പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. ശൈക്ക് ഹസീന രാജ്യം വിട്ടതിനു പിന്നാലെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലും അഴിച്ചുപണികള്‍ നടക്കുകയാണ്.
കഴിഞ്ഞദിവസം മുന്‍ ക്രിക്കറ്റ് താരം ഫാറൂഖ് അഹമ്മദ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു. ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി ചുമതലയേറ്റത്. ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സംഘം ധാക്കയിലെത്തിയിട്ടുണ്ട്.