കോപ്പ അമേരിക്ക സെമി ഫൈനലിൽ ഇനി ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത് അർജന്റീന-കാനഡ ഏറ്റുമുട്ടലിനാണ്.ഷൂട്ടൗട്ടിൽ വെനസ്വേലയെ 4-3ന് തകർത്താണ് കാനഡ സെമിയിലേക്ക് കടന്നത്.നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചിരുന്നു.
ജൂലൈ 10നാണ് അർജന്റീന-കാനഡ സെമി ഫൈനൽ.വെനസ്വേലക്കെതിരായ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ കാനഡ ലീഡെടുത്തിരുന്നു. ജേക്കബ് ഷാഫൽബർഗിന്റെ ഗോളിലൂടെയായിരുന്നു കാനഡ മുന്നിൽ കയറിയത്. എന്നാൽ, രണ്ടാം പകുതിയുടെ 64ാം മിനിറ്റിൽ വെനസ്വേല തിരിച്ചടിച്ചു. സലോമൻ റോണ്ടന്റെ വകയായിരുന്നു സമനില ഗോൾ.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും 3-3 എന്നനിലയിൽ സമനിലപാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ഒടുവിൽ വെനസ്വേലയുടെ വിൽക്കർ ഏഞ്ചലിന്റെ കിക്ക് സേവ് ചെയ്ത് കാനഡ ഗോൾകീപ്പർ ടീമിന് സെമിയിലേക്കുള്ള ബെർത്ത് ഉറപ്പാക്കി.
നേരത്തെ കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4ന് കീഴടക്കിയാണ് ലയണൽ മെസ്സിയും കൂട്ടരും അവസാന നാലിലെത്തിയത്. എതിരാളികളുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനെസ് കരുത്തുകാട്ടിയത്.
ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തിയത്. കളിക്കിടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പെനാൽറ്റി പാഴാക്കിയത് എക്വഡോറിന് തിരിച്ചടിയായി.