കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറ് വിക്കറ്റ് ജയം, ആലപ്പി പുറത്ത്

കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജയുടെ ഇന്നിംഗ്‌സ്.

author-image
Prana
New Update
calicut globstar
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് പരാജയപ്പെടുത്തി. ടോസ് നേടിയ കാലിക്കറ്റ് ആലപ്പിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ആലപ്പി 144 റണ്‍സെടുത്തു. 145 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 16ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജയുടെ ഇന്നിംഗ്‌സ്.
21 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെട 38 റണ്‍സ് നേടിയ ലിസ്റ്റണ്‍ അഗസ്റ്റിന്‍, എം. അജിനാസ് (രണ്ട്), ഒമര്‍ അബൂബക്കര്‍ (പൂജ്യം), രഹന്‍ സായ് (14) എന്നിവരുടെ വിക്കറ്റുകളാണ് കാലിക്കറ്റിന് നഷ്ടമായത്. 16ാം ഓവറിലെ അവസാന പന്ത് സിക്‌സ് പായിച്ച് സല്‍മാന്‍ നിസാറാണ് കാലിക്കറ്റിനു വേണ്ടി വിജയ റണ്‍ നേടിയത്. സഞ്ജയ് രാജ് (75), സല്‍മാന്‍ നിസാര്‍ (12) എന്നിവര്‍ പുറത്താകാതെ നിന്നു.
ആലപ്പിയുടെ തുടക്കം തന്നെ ദുര്‍ബലമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കൃഷ്ണപ്രസാദിനെ പി. അന്‍താഫ് സഞ്ജയ് രാജിന്റെ കൈകളിലെത്തിച്ചു. മൂന്നു പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് കൃഷ്ണപ്രസാദിന് നേടാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (15), വിനൂപ് മനോഹരന്‍ (ആറ്) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ മൂന്നിന് 29 എന്ന നിലയിലേക്ക് ആലപ്പി പരുങ്ങി.
ടി.കെ അക്ഷയുടെ അര്‍ദ്ധസെഞ്ചുറിയാണ് ആലപ്പിയുടെ സ്‌കോര്‍ 144 ലെത്തിച്ചത്. 45 പന്തില്‍ നിന്നു രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് അക്ഷയ് ആലപ്പുഴയ്ക്ക് സമ്മാനിച്ചു. 27 പന്തില്‍ നിന്ന് ആസിഫലി 27 റണ്‍സ് സ്വന്തമാക്കി അക്ഷയ്ക്ക് പിന്തുണ നല്കി. വൈശാഖ് ചന്ദ്രന്‍ (മൂന്ന്), ഉജ്ജ്വല്‍ കൃഷ്ണ (പൂജ്യം), അതുല്‍ ഡയമണ്ട് (12) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ ആലപ്പുഴയുടെ റണ്‍വേട്ട മന്ദഗതിയിലായി. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയില്‍ ആലപ്പിയുടെ ബാറ്റിംഗ് അവസാനിച്ചു.
കാലിക്കറ്റിനു വേണ്ടി അഖില്‍ സ്‌കറിയ നാലു ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി. കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആലപ്പി റിപ്പിള്‍സുമാണ് സെമിയിലേക്ക് യോഗ്യത നേടാതെപോയ ടീമുകള്‍.

 

kerala cricket league calicut globestars