കൊച്ചിയില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലീഡെടുത്തെങ്കിലും പിന്നീട് രണ്ടു ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈവിട്ടുകളയുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി ആന്ദ്രേ ആല്‍ബ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജീസസ് ജിമിനസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ നേടി.

author-image
Prana
New Update
hyderabad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലീഡെടുത്തെങ്കിലും പിന്നീട് രണ്ടു ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈവിട്ടുകളയുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി ആന്ദ്രേ ആല്‍ബ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജീസസ് ജിമിനസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ നേടി.
കൊച്ചിയെ ആവേശത്തിലാക്കി മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. 13ാം മിനിറ്റില്‍ ജീസസ് ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. 16കാരനായ കോറോ സിങ് വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജിമിനസിന്റെ ക്ലിനിക്കല്‍ ഫിനിഷാണ് ഹൈദരാബാദിന്റെ വലതുളച്ചത്. ആദ്യപകുതി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പിരിയുമെന്ന് തോന്നിച്ച നിമിഷത്തില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. 43ാം മിനിറ്റില്‍ ആന്ദ്രേ ആല്‍ബയാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയഗോളിനായി കിണഞ്ഞുപരിശ്രമിച്ചു. എന്നാല്‍ 70ാം മിനിറ്റില്‍ മറ്റൊരു ദുരന്തമാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുന്നത്. പന്തുതടുത്ത ഹോര്‍മിപാമിന്റെ ശ്രമത്തെ ഹാന്‍ഡ് ബോളെന്ന് വിധിച്ച റഫറി ഹൈദരാബാദിന് അനുകൂലമായി പെനാല്‍റ്റി നല്‍കുകയായിരുന്നു. കിക്കെടുത്ത ആന്ദ്രേ ആല്‍ബ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹൈദരാബാദിനെ മുന്നിലെത്തിച്ചു. വിവാദ റഫറിയിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. മത്സരത്തില്‍ തിരിച്ചെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഹൈദരാബാദ് വിജയം സ്വന്തമാക്കുകയായിരുന്നു.
സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാമത്തെ പരാജയമാണിത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ഹൈദരാബാദ് തൊട്ടുപുറകിലുണ്ട്.

lost isl keralablasters hyderabad fc