ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. അപേക്ഷിച്ച ഏക സ്ഥാനാർഥി കൂടിയാണ് ഗംഭീർ. ചൊവ്വാഴ്ച ഒരു ഓൺലൈൻ വീഡിയോ കോളിലൂടെ ക്രിക്കറ്റ് ഉപദേശക സമിതിക്ക് (സി.എ.സി) മുമ്പാകെ അഭിമുഖത്തിന് ഹാജരാകും എന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മെയ് പകുതിയോടെ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു, ഐപിഎൽ ഫൈനൽ കഴിഞ്ഞതിൻ്റെ പിറ്റേന്ന് മെയ് 27 ആയിരുന്നു അവസാന തീയതി. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.
പുതുതായി തിരഞ്ഞെടുക്കുന്ന കോച്ചിൻ്റെ കാലാവധി 2024 ജൂലൈയിൽ ആരംഭിച്ച് അടുത്ത ഏകദിന ലോകകപ്പിൻ്റെ വർഷമായ 2027 ഡിസംബർ 31 വരെയാണ്. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്റർ കൂടിയാണ് ഗംഭീർ. മുൻ ക്രിക്കറ്റ് താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരഞ്ജ്‌പെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്നതാണ് സി.എ.സി.
അഭിമുഖങ്ങൾക്ക് ശേഷം, സിഎസി ബിസിസിഐക്ക് തിരഞ്ഞെടുത്ത പേരുകളുടെ ശുപാർശകൾ നൽകും. “ഞങ്ങൾ ഹെഡ് കോച്ച്, സെലക്ടർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കായി ഒരു അഭിമുഖം നടത്തുകയാണ്. സി.എ.സി അതിൻ്റെ ശുപാർശ ബിസിസിഐക്ക് സമർപ്പിക്കും. അതിന് ശേഷം ബോർഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
"ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതിയായി മറ്റൊന്നുമില്ല. നിങ്ങൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ളവരെയും പ്രതിനിധീകരിക്കുന്നു," ഗംഭീർ പറഞ്ഞു. 2007ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പിലും ഗംഭീർ ഉണ്ടായിരുന്നു.