പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ആദ്യ ഇന്നിംഗ്‌സ് ലീഡ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീമിന്റെ ഇരട്ട സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് ലീഡ് നേടിയത്. 341 പന്തുകള്‍ നേരിട്ട് 22 ഫോറും ഒരു സിക്‌സും സഹിതമാണ് മുഷ്ഫിഖുറിന്റെ ഇന്നിംഗ്‌സ്. എങ്കിലും ചില റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് അരികില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ വീണുപോയി.
ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനായി ആകെ അഞ്ച് ഇരട്ട സെഞ്ച്വറികളാണ് പിറന്നിട്ടുള്ളത്. അതില്‍ മൂന്നും മുഷ്ഫിഖുറിന്റെ സംഭാവനായിരുന്നു. ഓരോ തവണ വീതം ഷാക്കിബ് അല്‍ ഹസ്സനും തമിം ഇക്ബാലും ഇരട്ട സെഞ്ച്വറി നേടി. ഇരട്ട സെഞ്ച്വറികളുടെ എണ്ണം നാലാക്കി ഉയര്‍ത്താനുള്ള അവസരമാണ് മുഷ്ഫിഖുറിന് നഷ്ടമായത്. അന്തരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിനരികിലാണ് മുഷ്ഫിഖുര്‍. ഏകദിനത്തിലും ട്വന്റി 20യിലും ടെസ്റ്റിലുമായി 15,159 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15,192 റണ്‍സ് നേടിയ തമിം ഇക്ബാല്‍ ആണ് ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഇക്ബാലിനെ മറികടക്കാന്‍ മുഷ്ഫിഖുറിന് ഇനി 33 റണ്‍സ് കൂടി നേടിയാല്‍ മതി.
റെക്കോര്‍ഡുകള്‍ക്ക് അരികില്‍ വീണെങ്കിലും മുഷ്ഫിഖുറിന്റെ പോരാട്ടത്തില്‍ പാകിസ്താനെതിരെ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. പാകിസ്താന്റെ ആറിന് 448ന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 565 റണ്‍സെടുത്തു. ഒന്നാം ഇന്നിം?ഗ്‌സില്‍ 117 റണ്‍സിന്റെ ലീഡാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.