ഗ്വാളിയോർ: ഇന്ത്യക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ ബംഗ്ലാദേശിന് കനത്ത തോൽവിയാണ് സംഭവിച്ചത്.ഇപ്പോഴിതാ തോൽവിയുടെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. ആദ്യ ടി20യിൽ നേരിട്ട ഏഴു വിക്കറ്റിന്റെ കനത്ത പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന്റെ പരാജയത്തിനു വളരെ വിചിത്രമായ കാരണമാണ് ഷാന്റോ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മാത്രമല്ല വിജയത്തിന്റെ ക്രെഡിറ്റ് ഇന്ത്യക്കു നൽകാനും അദ്ദേഹം തയ്യാറായില്ല.
ഈ പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി അഗ്രസീവ് ക്രിക്കറ്റ് തന്നെ പുറത്തെടുക്കുമെന്നും ഷാന്റോ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പും ഇന്ത്യക്കു ഇതേ രീതിയിലുള്ള മുന്നറിയിപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. പക്ഷെ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ബംഗ്ലാദേശിനെ ഇന്ത്യ നാണംകെടുത്തുകയായിരുന്നു.
ആദ്യ ടി20യിൽ ബാറ്റിങിനു അയക്കപ്പെട്ട ശേഷം ബംഗ്ലാദേശ് ടീമിനു നന്നായി തുടങ്ങാൻ സാധിച്ചില്ലെന്നും ഇതു വലിയ തിരിച്ചടിയായി മാറിയെന്നുമാണ് നജ്മുൽ ഹുസൈൻ ഷാന്റോ ചൂണ്ടിക്കാണിക്കുന്നത്. കളിയിലെ ടേണിങ് പോയിന്റും ഇതാണെന്നും പവർപ്ലേയുടെ ആനുകൂല്യം മുതലെടുക്കുന്നതിൽ ബംഗ്ലാദേശ് ടീം പരാജയപ്പെട്ടതായും അദ്ദേഹം പറയുന്നു.
ഈ മൽസരത്തിൽ ഞങ്ങൾ നന്നായി തുടങ്ങിയില്ലെന്നാണ് ഞാൻ കരുതുന്നത്. ടി20യിൽ ആദ്യത്തെ ആറോവറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞങ്ങൾക്കു നന്നായി ചെയ്യാൻ കഴിഞ്ഞില്ല. പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയെന്നതായിരുന്നു നേരത്തേയുള്ള പ്ലാൻ. പക്ഷെ വ്യക്തമായ പ്ലാൻ ഇല്ലാത്ത തരത്തിലായിരുന്നു കളിക്കളത്തിൽ ഞങ്ങൾ കാണപ്പൈട്ടത്. അടുത്ത മൽസരത്തിൽ കൃത്യമായ ഒരു പ്ലാൻ ഞങ്ങൾ തയ്യാറാക്കേണ്ടത് ആവശ്യമാണെന്നും ഷാന്റോ വിശദമാക്കി.
പവർപ്ലേയിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിനെ ബാക്ക്ഫൂട്ടിലാക്കാൻ ഇന്ത്യക്കു സാധിച്ചിരുന്നു. ആറോവറിൽ വെറും 39 റൺസ് മാത്രമേ അവർക്കു നേടാനായുള്ളൂ. ആദ്യ ഓവറിലെ അവസാന ബോളിൽ തന്നെ ലിറ്റൺ ദാസിനെ (4) അർഷ്ദീപ് സിങ് മടക്കി. മൂന്നാം ഓവറിലെ ആദ്യ ബോളിൽ പർവേസ് ഹുസൈനെ (8) പുറത്താക്കി അർഷ്ദീപ് വീണ്ടും ബംഗ്ലാദശിനെ ഞെട്ടിക്കുകയായിരുന്നു.സ്പിന്നർ വരുൺ ചക്രവർത്തിയെറിഞ്ഞ അഞ്ചാം ഓവറിലാണ് ബംഗ്ലാദേശ് കൂടുതൽ റൺസ് സ്‌കോർ ചെയ്തത്. 15 റൺസ് ഈ ഓവറിൽ അടിച്ചെടുക്കാൻ അവർക്കു സാധിച്ചു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണിത്. അരങ്ങേറ്റ മൽസരം കളിച്ച യുവ പേസർ മായങ്ക് യാദവാണ് പവർപ്ലേയിലെ അവസാന ഓവർ ബൗൾ ചെയ്യാനെത്തിയത്. എന്നാൽ ഈ ഓവർ മെയ്ഡനാക്കി മാറ്റിയ അദ്ദേഹം ബംഗ്ലാദേശിനെ ഞെട്ടിക്കുകയും ചെയ്തു.
ബംഗ്ലാദേശ് താരങ്ങൾ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആദ്യ ടി20യിൽ ഇതിനു സാധിക്കാതെ പോയത് ടീമിനു ക്ഷീണമായിട്ടുണ്ടെന്നും നജ്മുൽ ഹുസൈൻ ഷാൻറോ വ്യക്തമാക്കി. മൽസരം പരാജയപ്പെട്ടെങ്കിലും ടീമിനെ സംബന്ധിച്ച് ചില പോസ്റ്റീവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുന്നതിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ടി20 ക്രിക്കറ്റെന്നാൽ വെറും വലിയ ഷോട്ടുകളടിക്കുക മാത്രമല്ല. വിക്കറ്റുകൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ നമുക്കു മികച്ച സ്‌കോറും കണ്ടെത്താൻ സാധിക്കും. ഞങ്ങൾ ഈ മൽസരത്തിൽ മതിയായ റൺസ് നേടിയില്ല'.റിഷാദ് (റിഷാദ് ഹുസൈൻ) നന്നായി ബൗൾ ചെയ്തു. ഫിസും (മുസ്തഫിസുർ റഹ്മാൻ) മികച്ച പ്രകടനം നടത്തി. പക്ഷെ ഞങ്ങൾക്കു മതിയായ റൺസുണ്ടായിരുന്നില്ലെന്നും ഷാന്റോ കൂട്ടിച്ചേർത്തു. അതേസമയം, പരമ്പരയിലെ രണ്ടാമത്തെ മൽസരം ബുധനാഴ്ച രാത്രി ഏഴു മുതൽ ഡൽഹിയിൽ നടക്കും.