ഹൈദരാബാദ്:ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 207 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഗുജറാത്തിനെ വെല്ലുവിളിച്ച ബെംഗളൂരുവിനെതിരെ അപ്രതീക്ഷിത തകർച്ച നേരിട്ട സൺറൈസേഴ്സിന്, 35 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു .
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് ആണ് നേടിയത്. സൺറൈസേഴ്സിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു. ജയിച്ചെങ്കിലും ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ബെംഗളൂരു അവസാന സ്ഥാനത്തും, തോറ്റ സൺറൈസേഴ്സ് എട്ടു കളികളിൽനിന്ന് അഞ്ച് വിജയങ്ങൾ സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.
തോൽവി ഉറപ്പായെങ്കിലും കളിക്കളത്തിൽ നിലയുറപ്പിച്ച ഷഹബാസ് അഹമ്മദാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട ഷഹബാസ് ഓരോ സിക്സും ഫോറും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത അഭിഷേക് ശർമ, 15 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരുടെ പ്രകടനവും കളിയിൽ ആശ്വാസമേകി. ആർസിബിക്കായി കാമറോൺ ഗ്രീൻ, കാൺ ശർമ, സ്വപ്നിൽ സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വിൽ ജാക്സ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ഇൻ ഫോം ബാറ്റർ ട്രാവിസ് ഹെഡ് പുറത്തായി. മൂന്നു പന്തിൽ ഒരു റണ്ണായിരുന്നു ആകെ സമ്പാദ്യം. അഭിഷേക് ശർമ ഒരു വശത്ത് തകർത്തടിച്ച് 13 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്തെങ്കിലും യഷ് ദയാലിന്റെ പന്തിൽ പുറത്തായി. പിന്നീട് അവർക്ക് പ്രതീക്ഷ നൽകിയത് 15 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാത്രം. കാമറോൺ ഗ്രീനിന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് എടുത്ത് പുറത്തായി.
ട്രാവിസ് ഹെഡിനു പുറമേ എയ്ഡൻ മർക്രം (എട്ടു പന്തിൽ ഏഴ്), നിതീഷ് റെഡ്ഡി (13 പന്തിൽ 13), ഹെൻറിച് ക്ലാസൻ (മൂന്നു പന്തിൽ ഏഴ്), അബ്ദുൽ സമദ് (ആറു പന്തിൽ 10) എന്നിവർ പ്രതീക്ഷ നൽകിയില്ല. ഭുവനേശ്വർ കുമാർ 13 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി. ജയ്‌ദേവ് ഉനദ്കട് ഒൻപതു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കായി കാൺ ശർമ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും സ്വപ്നിൽ സിങ് മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയും കാമറോൺ ഗ്രീൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിൽ ജാക്സ്, യഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.