ഐ.പി.എല്‍. പുതിയ സീസണിനു മുന്നോടിയായുള്ള താരലേലത്തിനു മുന്‍പ് നിലനിര്‍ത്തേണ്ട താരങ്ങളുടെ ലിസ്റ്റ് മുഴുവന്‍ ടീമുകളും പുറത്തുവിട്ടതോടെ മിക്ക ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്താതെ കയ്യൊഴിഞ്ഞു. അയ്യരെ ലേലത്തിനു വിട്ടുകൊടുത്ത കൊല്‍ക്കത്ത ലേലത്തിലൂടെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തീരുമാനത്തിലാണ്. ഇന്ത്യക്കാരും വിദേശികളുമായി അഞ്ച് ക്യാപ്റ്റന്മാരടക്കം പല വമ്പന്‍ താരങ്ങളെയും ഐ.പി.എല്‍ ടീമുകള്‍ കൈവിട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 18 കോടി രൂപയ്ക്ക്. ആറുപേരെ നിലനിര്‍ത്തിയ ടീമില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ വിലയേറിയ താരമായി. വരുന്ന സീസണിലും സഞ്ജു തന്നെയായിരിക്കും ക്യാപ്റ്റനെന്ന് രാജസ്ഥാന്‍ ടീം അറിയിച്ചു. നിലവിലെ റണ്ണറപ്പ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദും തങ്ങളുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ നിലനിര്‍ത്തി.
ശ്രേയസ് അയ്യര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഋഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്) കെ.എല്‍. രാഹുല്‍ (ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ഫാഫ് ഡുപ്ലെസിസ് (ആര്‍.സിബി) സാം കരണ്‍ (പഞ്ചാബ് കിങ്‌സ്) എന്നിവരാണ് ഒഴിവാക്കപ്പെട്ട ക്യാപ്റ്റന്മാര്‍.
ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍ എന്നിവരെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ്, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ എന്നിവരെ 14 കോടിക്ക് നിലനിര്‍ത്തി. ഷിമ്രോണ്‍ ഹെറ്റ്‌മെയറെ 11 കോടിക്കും സന്ദീപ് ശര്‍മയെ നാലുകോടി രൂപയ്ക്കും നിലനിര്‍ത്തി.
2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്ന സഞ്ജുവിന് ആ സീസണില്‍ അവസരം ലഭിച്ചില്ല. 2013ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതു മുതല്‍ സഞ്ജുവിന്റെ ടൈം തെളിഞ്ഞു. 2016ല്‍ രാജസ്ഥാന്‍ ടീമിനെ ഐ.പി.എല്ലില്‍നിന്ന് അയോഗ്യരാക്കിയപ്പോള്‍ ഡല്‍ഹി ടീമില്‍ ചേര്‍ന്നു. 2017ല്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന് എതിരെ ആദ്യ ടി20 സെഞ്ചുറി നേടി. രണ്ടുവര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും ടീമിന്റെ ഭാഗമായി.
2021ലെ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായി. നായകസ്ഥാനം ഏറ്റെടുത്ത ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറി നേടി. 2022ലെ സീസണിന് മുന്നോടിയായി സഞ്ജുവിനെ നിലനിര്‍ത്തുകയും നായകസ്ഥാനത്ത് തുടരുകയും ചെയ്തു. ആ സീസണില്‍ ടീം റണ്ണറപ്പുമായി. കഴിഞ്ഞ സീണില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.
ടീമിനൊപ്പം സഞ്ജു കളിക്കുന്ന പതിനൊന്നാമത്തെ സീസണാണ് വരാനിരിക്കുന്നത്. ഐ.പി.എല്ലില്‍ ഇതുവരെയായി 168 കളികളില്‍ നിന്ന് 4419 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റനായി 60 ഇന്നിങ്‌സില്‍നിന്ന് 1835 റണ്‍സാണ് നേടിയത്.