ബെംഗളൂരു: വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യക്കാരിയെന്ന മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോഡിനൊപ്പം സ്മൃതി മന്ദാന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയതോടെയാണ് പുതിയ നേട്ടം സ്‌മൃതി സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തിലും സ്മൃതി സെഞ്ചുറി നേടിയിരുന്നു.
ഏകദിനത്തില്‍ 84 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ചുറികളാണ് സ്മൃതി മന്ദാന നേടിയത്. നേരത്തേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജും ഏഴ് സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളായി ഇരുവരും മാറി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാവാനും സ്മൃതിക്ക് കഴിഞ്ഞു. 232 മത്സരങ്ങളില്‍നിന്നാണ് മിതാലി രാജ് ഏഴ് സെഞ്ചുറികള്‍ നേടിയത്. 132 മത്സരങ്ങളില്‍നിന്ന് അഞ്ച് സെഞ്ചുറികളുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ 12 പന്തില്‍ 136 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും 18 ബൗണ്ടറിയും ഉള്‍പ്പെട്ടതാണിത്. 16-ന് നടന്ന ആദ്യ ഏകദിനത്തിലും സ്മൃതി സെഞ്ചുറി (117) നേടിയിരുന്നു. സ്മൃതിയുടെ സെഞ്ചുറി ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. സ്മൃതിയെക്കൂടാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയും (88 പന്തില്‍ 103) ഇന്ത്യക്ക് തുണയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 14 ഓവര്‍ പിന്നിട്ടപ്പോള്‍ 67-ല്‍ രണ്ട് എന്ന നിലയിലാണ്.