വൈറ്റ് ബാൾ ക്രിക്കറ്റിന്റെ ക്യാപ്റ്റൻസിയിൽ നിന്നും വിരമിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ബാബർ അസം.ബുധനാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബാബർ അസം ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ എടുത്ത തീരുമാനം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്ന് ബാബർ അസം കുറിച്ചു.
ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. എന്നാൽ, ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് കളിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുകയാണ്. ക്യാപ്റ്റൻസി തനിക്കൊരു സമ്മാനമായിരുന്നു. എന്നാൽ, അത് സമ്മർദമുണ്ടാക്കുന്ന ഒന്നാണ്.
ഇനി തനിക്ക് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. അതിനാൽ താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ഇത്രയുകാലം ആരാധകർ നൽകിയ പിന്തുണക്ക് നന്ദി പറയുകയാണ്. കളിക്കാരനെന്ന നിലയിൽ ഈ പിന്തുണയുണ്ടാവണമെന്നും ബാബർ അസം അഭ്യർഥിച്ചു.കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ താരം ക്യാപ്റ്റൻസിയിൽ നിന്നും പടിയിറങ്ങിയിരുന്നു.
ശേഷം ഷഹീൻ ഷാ അഫ്രിദിയാണ് താരത്തിന്റെ പിൻഗാമിയായി എത്തിയത്. എന്നാൽ പി.സി.ബിക്ക് പുതിയ ചെയർമാനെത്തിയതോടെ ബാബറിനെ വീണ്ടും തിരികെ വിളിക്കുകയായിരുന്നു. എന്നാൽ, ബാബർ അസത്തെ പി.സി.ബി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.